കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ വിവാഹ വേദികളിലും പുകവലി നിരോധിച്ച് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം ഉത്തരവിട്ടു. മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള വിവാഹ ഹാളുകളിൽ എല്ലാതരം പുകവലിയും പുകയില ഉൽപ്പന്നങ്ങളുടെയും ഉപയോഗവും വിലക്കുന്ന സർക്കുലറാണ് അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അൽ അജ്‌മി പുറപ്പെടുവിച്ചത്.
2015-ൽ ഭേദഗതി ചെയ്ത പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് പുതിയ നിയമം നടപ്പിലാക്കിയത്. ഇതനുസരിച്ച്, വിവാഹ ഹാളുകൾ ഉൾപ്പെടെ സാമൂഹിക ചടങ്ങുകൾ നടക്കുന്ന എല്ലാ അടച്ചിട്ട വേദികളിലും പുകവലിക്ക് ഇനി പ്രവേശനമില്ല.
പുകവലി നിരോധന ഉത്തരവ് ലംഘിക്കുന്നവർക്ക് കർശനമായ നിയമനടപടികളും പിഴയും നേരിടേണ്ടിവരുമെന്ന് ഡോ. അൽ അജ്‌മി മുന്നറിയിപ്പ് നൽകി. പൊതുജനാരോഗ്യ സംരക്ഷണവും പരിസ്ഥിതി ശുചിത്വവും ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
















