ശബരിമല തീർത്ഥാടകർക്കായി കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബജറ്റ് ടൂറിസം സെല്ലിന്റെ (ബിടിസി) നേതൃത്വത്തിൽ വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നു. തീർത്ഥാടകർക്ക് കൂടുതൽ സൗകര്യപ്രദവും തടസ്സമില്ലാത്തതുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഈ മണ്ഡല-മകരവിളക്ക് സീസണിൽ 1600 ട്രിപ്പുകളാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം 950 ട്രിപ്പുകൾ മാത്രമാണ് നടത്തിയിരുന്നത്. നിലയ്ക്കൽ ഇറങ്ങി ചെയിൻ സർവീസിനെ ആശ്രയിക്കാതെ ഭക്തരെ നേരിട്ട് പമ്പയിൽ എത്തിക്കാൻ കഴിയുന്നതാണ് ഇത്തവണത്തെ പ്രധാന ആകർഷണം.
ഭക്തർക്കായി മൂന്ന് വ്യത്യസ്ത പാക്കേജുകളാണ് ബിടിസി അവതരിപ്പിക്കുന്നത്. നേരിട്ട് പമ്പയിലേക്കുള്ള യാത്രയ്ക്ക് പുറമേ, പന്തളം, പെരുനാട് പോലെയുള്ള പ്രധാന അയ്യപ്പ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘അയ്യപ്പ ദർശന പാക്കേജ്’ രണ്ടാമതായി ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, സംസ്ഥാനത്തിന്റെ തെക്ക്-വടക്ക് മേഖലകളിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനുള്ള മൂന്നാമത്തെ പാക്കേജും ലഭ്യമാണ്. ഓരോ പാക്കേജിനും വ്യത്യസ്ത നിരക്കുകളായിരിക്കും ഈടാക്കുക.
സംസ്ഥാനത്തെ 93 ഡിപ്പോകളിൽ നിന്നാണ് ശബരിമല യാത്രകൾ ക്രമീകരിക്കുന്നത്. യാത്രകളുടെ ഏകോപനം സുഗമമാക്കാൻ സൗത്ത്, സെൻട്രൽ, നോർത്ത് എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്. ഈ വിഭജനം യാത്രകൾ കൂടുതൽ കാര്യക്ഷമമാക്കാനും, വിവിധ ജില്ലകളിലെ ഭക്തർക്ക് എളുപ്പത്തിൽ സർവീസുകൾ പ്രയോജനപ്പെടുത്താനും സഹായകമാകും.
തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് ബജറ്റ് ടൂറിസം സെൽ അധികൃതർ അറിയിച്ചു. പമ്പയിൽ ഭക്തർക്കായി ലഗേജ് സൂക്ഷിക്കുന്നതിനും ഫ്രഷ് ആകാനുമുള്ള പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും. സന്നിധാനത്തെ ആവശ്യങ്ങൾക്കായി ബജറ്റ് ടൂറിസം സെൽ കോഓർഡിനേറ്റർമാരുടെ സേവനവും ലഭ്യമാക്കും. ഗ്രൂപ്പ് ബുക്കിംഗുകൾക്ക് കമ്മിഷൻ നൽകുന്ന രീതി തുടരുന്നതിനാൽ കൂടുതൽ പേർക്ക് ഈ സേവനം പ്രയോജനപ്പെടുത്താനാകും. മകരവിളക്ക് തീരുന്ന ജനുവരി 15 വരെയാണ് ബിടിസി യാത്രകൾ ക്രമീകരിക്കുന്നത്.
















