മുംബയിൽ പരീക്ഷണയോട്ടത്തിനിടെ മോണോ റെയിൽ ട്രാക്കിൽ അപകടം. വഡാലയിൽ വച്ചാണ് മോണോ റെയിൽ ട്രാക്കിൽ നിന്ന് കംപാർട്ട്മെന്റ് തെന്നി മാറിയത്. അപകടത്തിൽ കോച്ചിന് കേടുപാടുകൾ ഉണ്ടെക്കിലും ട്രെയിനിൽ ഉണ്ടായിരുന്നവർക്ക് ആളപായം ഇല്ല.
പരീക്ഷണ ഓട്ടം ആയതിനാൽ യാത്രക്കാർ ആരും തന്നെ ട്രെയിനിൽ ഉണ്ടായിരുന്നില്ല. ലോക്കോ പൈലറ്റിനൊപ്പം സിഗ്നലിംഗ് ട്രയലിൽ പങ്കെടുത്ത എഞ്ചിനീയറും ഡ്യൂട്ടി കഴിഞ്ഞ് പോവുകയായിരുന്ന ചില ജീവനക്കാരും അപകട സമയത്ത് ട്രെയിനിലുണ്ടായിരുന്നു. അവർക്ക് അപായങ്ങൾ ഒന്നും ഇല്ല എന്നാണ് പ്രാഥമിക നിഗമനം. മുംബൈ മെട്രോ പൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉപ വിഭാഗമായ മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡാണ് മോണോ റെയിൽ പ്രവർത്തനവും അറ്റകുറ്റ പണികളും ഏകോപിപ്പിക്കുന്നത്.
നഗരത്തിൽ ഏക മോണോറെയിൽ സിസ്റ്റം സെപ്റ്റംബർ 20 മുതൽ പ്രവർത്തനത്തിലാണ്. മൺസൂൺ സമയത്തുണ്ടായ സാങ്കേതിക തകരാറുകൾ പതിവായതിന് പിന്നാലെയായിരുന്നു ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം നടന്നത്.പുതിയതായി നിർമിച്ച ഭീമിലൂടെയായിരുന്നു മോണോ റെയിൽ പോയത് അപ്പോഴാണ് അപകടത്തിലായത്.
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് സർവീസ് സജീവമാക്കുന്നതിനായി 4 കോച്ചുകളുള്ള 10 പുതിയ ട്രെയിനുകൾ വാങ്ങിയതായി അധികൃതർ അറിയിച്ചിരുന്നു. 55 കോടി രൂപയാണ് ഒരു ട്രെയിനിന്റെ വില. അവയിൽ ഒന്നിന്റെ പരീക്ഷണയോട്ടമാണ് ഇന്നലെ നടത്തിയത്. രാജ്യത്തെ ആദ്യത്തെ മോണോറെയിൽ സർവീസാണ് മുംബൈയിലേത്.
















