ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും സ്വത്തുക്കൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. ആകെ 11.14 കോടി രൂപ വിലമതിക്കുന്ന സ്വത്താണ് ഇ.ഡി. കണ്ടുകെട്ടിയത്. നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വാതുവെപ്പ് ആപ്പായ വൺഎക്സ് ബെറ്റിനെതിരായ കേസിലാണ് സുപ്രധാനമായ ഈ നടപടി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) അനുസരിച്ചാണ് കണ്ടുകെട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ശിഖർ ധവാന്റെ 4.5 കോടി രൂപ വിലമതിക്കുന്ന സ്വത്തും സുരേഷ് റെയ്നയുടെ 6.64 കോടി രൂപയുടെ മ്യൂച്വൽ ഫണ്ടുകളുമാണ് ഇ.ഡി. കണ്ടുകെട്ടിയത്. ആപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് താരങ്ങൾ വിദേശ സ്ഥാപനങ്ങളുമായി പരസ്യ കരാറുകളിൽ ഏർപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കരാറുകൾ നിയമവിരുദ്ധമായി പണം സമ്പാദിക്കാൻ കാരണമായെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട് നേരത്തെയും പ്രമുഖരെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. മുൻ ക്രിക്കറ്റ്‌താരങ്ങളായ യുവരാജ് സിങ്, സുരേഷ് റെയ്‌ന, റോബിൻ ഉത്തപ്പ, ശിഖർ ധവാൻ, നടന്മാരായ സോനു സൂദ്, മിമി ചക്രവർത്തി (മുൻ ടി.എം.സി. എം.പി.), അങ്കുഷ് ഹസ്ര എന്നിവരെയാണ് വൺഎക്സ് ബെറ്റ് വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പണമിടപാട് കേസിൽ ഇ.ഡി. ചോദ്യംചെയ്തത്. ഈ ചോദ്യംചെയ്യലിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ സ്വത്ത് കണ്ടുകെട്ടൽ നടപടി. നിയമവിരുദ്ധമായി കോടിക്കണക്കിന് രൂപ വെട്ടിച്ചെന്ന പരാതിയിലാണ് ഇ.ഡി. വിശദമായ അന്വേഷണം നടത്തുന്നത്.
















