കുട്ടികളുടെ ശരിയായ മാനസിക വളർച്ചയിൽ ആരോഗ്യപരമായ കുടുംബബന്ധങ്ങൾക്കുള്ള പ്രാധാന്യം മാതാപിതാക്കൾ ഉൾക്കൊള്ളണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. സത്യൻ സ്മാരക ഹാളിൽ നടന്ന കമ്മീഷൻ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ. ലഭിക്കുന്ന പരാതികളിൽ കൂടുതലും ഗാർഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇത്തരം വിഷയങ്ങളിൽ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് കുട്ടികളാണ് എന്നത് എല്ലാവരും മനസിലാക്കണം. കൗമാരക്കാരായ കുട്ടികളിൽ ആരോഗ്യപരമായ ബന്ധങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന് കലാലയജ്യോതി എന്ന പേരിൽ ക്യാമ്പയിൽ സംഘടിപ്പിക്കും.
തൊഴിലിടങ്ങളിൽ പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തരകമ്മിറ്റികൾ രൂപീകരിക്കാത്ത സ്ഥാപങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധ്യക്ഷ പറഞ്ഞു. ഇത് സംബന്ധിച്ച പരിശോധനകൾ എല്ലാ ജില്ലകളിലും നടത്തും. പഴയകാലത്തെ വട്ടിപലിശയുടെ രീതിയിലുള്ള പുതിയ ഡിജിറ്റൽ വായ്പാ സംവിധാനങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വലുതാണ്. നിരവധി സ്ത്രീകളാണ് ഇത്തരം ചതിക്കുഴികളിൽ വീഴുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ ലഭിക്കുന്നതായും അധ്യക്ഷ പി സതീദേവി പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന കമ്മീഷൻ സിറ്റിങ്ങിൽ ആകെ 330 പരാതികൾ പരിഗണിച്ചു. ഇതിൽ 64 എണ്ണം പരിഹരിച്ചു.17 എണ്ണത്തിൽ റിപ്പോർട്ട് തേടി. 5 പരാതികൾ കൗൺസിലിങിന് വിട്ടു. ശേഷിച്ചവ അടുത്ത അദാലത്തിൽ പരിഗണിക്കും.സിറ്റിങ്ങിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ , അഡ്വ. എലിസബെത്ത് മാമ്മൻ മത്തായി , വി ആർ മഹിളാമണി , അഡ്വ. പി കുഞ്ഞായിഷ , ഡയറക്ടർ ഷാജി സുഗുണൻ, സി ഐ ജോസ് കുര്യൻ സബ് ഇൻസ്പക്ടർ മഞ്ചു എസ്, കൗൺസിലർമാരായ അഡ്വ. എസ് സിന്ധു , അഡ്വ. അശ്വതി തുടങ്ങിയവർ പങ്കെടുത്തു.
CONTENT HIGH LIGHTS; Parents should understand the importance of healthy family relationships: Women’s Commission Chairperson P. Sati Devi
















