ദക്ഷിണ കൊറിയൻ പോപ്പ് സംഗീതത്തിന്റെ നെറുകയിൽ നിൽക്കുന്ന ബോയ് ബാൻഡ് ബിടിഎസ്, സൈനിക സേവനത്തിന് ശേഷം രണ്ടാം വരവിനൊരുങ്ങുന്ന ഈ വേളയിൽ ലോകമെമ്പാടുമുള്ള ആരാധകവൃന്ദത്തിന് ആവേശമേകി പുതിയൊരു വാർത്ത കൂടി എത്തിയിരിക്കുകയാണ്. വിശ്വപ്രസിദ്ധമായ ബാൻഡ് അംഗങ്ങളുടെ തിരിച്ചുവരവിനായി ആഗോള ടൂർ, പുതിയ ആൽബം തുടങ്ങിയ വിപുലമായ പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നതിനിടെ, ബാൻഡിലെ ഇളയ അംഗവും ‘ഗോൾഡൻ മാക്നെ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന താരവുമായ ജങ്കൂക്ക് ഇന്ത്യയിലേക്ക് എത്തുന്നു. ഇതോടെ, ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കുന്ന ആദ്യത്തെ ബിടിഎസ് മെമ്പർ എന്ന വിശേഷണവും ജങ്കൂക്കിന് സ്വന്തമാവുകയാണ്.
ജങ്കൂക്കിന്റെ ആദ്യത്തെ സോളോ ആൽബമായ ‘ഗോൾഡൻ’ നെ ആസ്പദമാക്കിയുള്ള വിപുലമായ എക്സിബിഷനാണ് ഇതിന് വേദിയാകുന്നത്. മുംബൈയിലെ പ്രശസ്തമായ മെഹബൂബ് സ്റ്റുഡിയോസിൽ വെച്ച് 2026 ഡിസംബർ 12 മുതൽ 2026 ജനുവരി 11 വരെയാണ് ഈ കലാപ്രദർശനം ഒരുക്കുക. ‘ഗോൾഡൻ മാക്നെ’ എന്ന നിലയിൽ നിന്ന് ഒരു ആഗോള പോപ്പ് ഐക്കൺ ആയി താരം വളർന്നു വന്നതിൻ്റെ കഥ, കാഴ്ചകളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ എക്സിബിഷനിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും.
കൊറിയൻ എന്റർടെയിൻമെന്റ് ഭീമൻമാരായ ഹൈബി (HYBE) തങ്ങളുടെ ഔദ്യോഗിക ഇന്ത്യൻ സോഷ്യൽ മീഡിയ പേജ് അടുത്തിടെ ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം വന്നിരിക്കുന്നത്. ഹൈബിയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള കടന്നുവരവിനെ ഇത് അടയാളപ്പെടുത്തുന്നു. പരിപാടിയുടെ ടിക്കറ്റ് വിൽപന ബുക്ക് മൈ ഷോ എന്ന പ്ലാറ്റ്‌ഫോം വഴി ആരംഭിച്ചു കഴിഞ്ഞു. ഒരു ടിക്കറ്റിന്റെ വില 1499 രൂപയായി നിശ്ചയിച്ചിരിക്കുന്നു.
കൂടാതെ, മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആരാധകർക്ക് എക്സിബിഷന്റെ പ്രത്യേക പ്രിവ്യൂ നൈറ്റിൽ പങ്കെടുക്കാൻ അവസരമുണ്ട്. ടിക്കറ്റ് വിൽപന ആരംഭിച്ച് നിമിഷങ്ങൾക്കകം തന്നെ നിരവധി ടിക്കറ്റുകൾ വിറ്റുപോയതായും, ബിടിഎസ് ആരാധകരുടെ വലിയ പ്രതികരണം ലഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ബിടിഎസ് ആർമിക്ക് അവരുടെ പ്രിയതാരത്തെ അടുത്തറിയാനുള്ള സുവർണ്ണാവസരമാകും ഈ പ്രദർശനം.
















