വിശാഖപട്ടണം വിഐപി റോഡിലെ ‘ഓർക്കിഡ് വെൽനസ് ആൻഡ് സ്പാ സെന്റർ’ എന്ന സ്ഥാപനം മറയാക്കി നടത്തിവന്ന വൻ പെൺവാണിഭസംഘത്തെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ട് വിശാഖപട്ടണം സിറ്റി പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് നടത്തിയ മിന്നൽ റെയ്ഡിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്.
സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. സംഭവവുമായി ബന്ധപ്പെട്ട്, സ്പാ നടത്തിപ്പുകാരായ കല്ലുരു പവൻകുമാർ (36), ജന ശ്രീനിവാസ് (35) എന്നിവരെയും ഇടപാടുകാരനായ ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ, സ്പായിൽ ഉണ്ടായിരുന്ന ഒൻപത് യുവതികളെ പോലീസ് മോചിപ്പിച്ച് സുരക്ഷിതരാക്കി.
സ്ഥാപനത്തിന്റെ ലൈസൻസ് ഉടമകളായ കാശിറെഡ്ഡി അരുൺ കുമാർ, രാഹുൽ എന്നിവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അനാശാസ്യത്തിനായി സ്പായിലെത്തുന്നവരിൽനിന്ന് 3000 രൂപയാണ് സംഘം ഈടാക്കിയിരുന്നതെന്ന് പോലീസ് അറിയിച്ചു. റെയ്ഡിന്റെ ഭാഗമായി മൂന്ന് മൊബൈൽ ഫോണുകളും 7000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്പാ സെന്റർ എന്ന വ്യാജേന നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയ ഈ സംഭവത്തിൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചന.
















