അപൂർവ ജനിതക രോഗമായ മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച് വീൽചെയറിൽ പോലും ഇരിക്കാൻ പ്രയാസപ്പെടുന്ന തൃശ്ശൂർ തളിക്കുളത്തെ അനീഷ അഷ്‌റഫിന് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഇളവ് അനുവദിച്ച് ഉത്തരവിറക്കി. അനീഷയ്ക്ക് പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാനാണ് അനുമതി നൽകിയിരിക്കുന്നത്. ഈ വിഷയം ഒരു പ്രത്യേക കേസായാണ് പരിഗണിച്ചതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പേശികളെ ക്രമേണ നശിപ്പിക്കുന്ന ഈ രോഗം അനീഷയ്ക്ക് എട്ടാം വയസ്സിലാണ് പിടിപെട്ടത്. 11 വയസ്സായതോടെ നടക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇവർക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ അനുവദിക്കണമെന്ന അനീഷയുടെ അപേക്ഷ സർക്കാർ വിശദമായി പരിശോധിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ റിപ്പോർട്ടിന്റെയും സംസ്ഥാന ഭിന്നശേഷിക്കാർക്കായുള്ള കമ്മീഷണറുടെ ശുപാർശയുടെയും അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പരീക്ഷാഭവൻ നടത്തുന്ന പരീക്ഷയുടെ രഹസ്യ സ്വഭാവവും വിശ്വാസ്യതയും ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. ഇതിനായി, പരീക്ഷാർത്ഥിയുടെ വീട്ടിലെ ഒരു മുറി സ്കൂൾ പരീക്ഷാ ഹാളിന് സമാനമായി സജ്ജീകരിക്കണം. പരീക്ഷാസമയത്ത് വിദ്യാർത്ഥിയും ഇൻവിജിലേറ്ററും മാത്രമേ ഈ മുറിയിൽ ഉണ്ടാകാവൂ. പരീക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കി, പരീക്ഷാ പേപ്പർ ഉൾപ്പെടെയുള്ളവ അധികാരികളെ ഏൽപ്പിക്കേണ്ട ഉത്തരവാദിത്വം ഇൻവിജിലേറ്റർക്കായിരിക്കും. പരീക്ഷയുടെ രഹസ്യ സ്വഭാവം കർശനമായി പാലിക്കണമെന്നും, ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പരീക്ഷാഭവൻ സെക്രട്ടറി ഏർപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭിന്നശേഷിക്കാരായവരുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, അനീഷ അഷ്‌റഫിന്റെ ഇച്ഛാശക്തി മറ്റ് വിദ്യാർത്ഥികൾക്ക് പ്രചോദനമാകുമെന്നും മന്ത്രി വി. ശിവൻകുട്ടി പ്രത്യാശ പ്രകടിപ്പിച്ചു. അനീഷയുടെ പോരാട്ടങ്ങൾക്ക് ലഭിക്കുന്ന രണ്ടാമത്തെ പ്രധാന അംഗീകാരമാണിത്. നേരത്തെ, 2023-ൽ ഇവർക്ക് ഏഴാം ക്ലാസ്സ് തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ സാക്ഷരതാമിഷൻ പ്രത്യേക അനുമതി നൽകുകയും ആ പരീക്ഷയിൽ വിജയകരമായി വിജയിക്കുകയും ചെയ്തിരുന്നു. കൂടാതെ, 2021-ലെ ലോക ഭിന്നശേഷി ദിനത്തിൽ സാമൂഹ്യനീതി വകുപ്പ് നടത്തിയ ‘ഉണർവ്വ്’ എന്ന ഓൺലൈൻ മത്സരത്തിൽ അനീഷ എഴുതിയ കഥയ്ക്ക് തൃശ്ശൂർ ജില്ലയിൽ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. 2023-ലെ മികച്ച ഭിന്നശേഷിക്കാരിയായ മാതൃകാ വ്യക്തി എന്ന വിഭാഗത്തിൽ സംസ്ഥാന ഭിന്നശേഷി അവാർഡും ഇവർക്ക് ലഭിച്ചിട്ടുണ്ട്.
















