ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് ജയം. മലയാളിയായ കെ ഗോപിക(എസ്എഫ്ഐ) വൈസ് പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കി. എഐഎസ്എ, എസ്എഫ്‌ഐ, ഡിഎസ്എഫ് സഖ്യത്തിലായിരുന്നു മത്സരം. അതിഥി മിശ്ര(ഐസ)യാണ് പ്രസിഡന്റ്.
ജനറല്‍ സെക്രട്ടറിയായി സുനില്‍ യാദവി(ഡിഎസ്എഫ്)നെയും തെരഞ്ഞെടുത്തു. കഴിഞ്ഞ തവണ എബിവിപി നേടിയ ജോയിന്റ് സെക്രട്ടറി സ്ഥാനം ഡാനിഷ് അലി(ഐസ)യിലൂടെ ഇടത് സഖ്യം തിരിച്ചുപിടിച്ചു. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ലോ ആന്‍ഡ് ഗവേര്‍ണന്‍സില്‍ ഗവേഷണ വിദ്യാര്‍ഥിനിയാണ് ഗോപിക. ഇരിങ്ങാലക്കുട സ്വദേശിനിയാണ്.
അതേസമയം, പോണ്ടിച്ചേരി സർവകലാശാല ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലും എസ്എഫ്‌ഐ വൻ വിജയമാണ് നേടിയത്. സർവകലാശാലയ്ക്ക് കീഴിലെ മുഴുവൻ ക്യാമ്പസുകളിലെയും യൂണിയൻ എസ്എഫ്ഐ പിടിച്ചെടുത്തു. ഭൂരിഭാഗം ഐസിസി സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. കാരക്കാൽ ക്യാമ്പസ് പോണ്ടിച്ചേരി കമ്മ്യൂണിറ്റി കോളേജ്, മാഹി ക്യാമ്പസ്, ആൻഡമാൻ പോർട്ട് ബ്ലയർ ക്യാമ്പസ് ഉൾപ്പടെ യൂണിയനും എസ്എഫ്‌ഐ സ്വന്തമാക്കി.
















