ടിആര്‍പി റേറ്റിംഗ് നയങ്ങളില്‍ ഭേദഗതിക്ക് ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ വിതരണമന്ത്രാലയം. ലാന്‍ഡിംഗ് പേജില്‍ ചാനല്‍ വരുത്തി നേടുന്ന വ്യൂവര്‍ഷിപ്പിനെ ചാനലിന്റെ റേറ്റിംഗായി കണക്കാക്കില്ല എന്നതുള്‍പ്പെടെയുള്ള സുപ്രധാന ഭേദഗതികള്‍ക്കാണ് മന്ത്രാലയത്തിന്റെ ശിപാര്‍ശ. ലാന്‍ഡിംഗ് പേജിനെ പരസ്യങ്ങള്‍ക്കായും മാര്‍ക്കറ്റിംഗിനായും ഉപയോഗിക്കാമെങ്കിലും ലാന്‍ഡിംഗ് പേജില്‍ ചാനല്‍ വരുത്തി കാഴ്ചക്കാരെക്കൂട്ടി അത് കൂടുതല്‍ റേറ്റിംഗ് നേടേണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ബാര്‍ക്( ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍) ഉള്‍പ്പെടെ റേറ്റിംഗ് അളക്കുന്ന സംവിധാനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നിര്‍ദേശം ബാധകമാകുക.
നമ്മള്‍ ടെലിവിഷനും സെറ്റ് ടോപ് ബോക്‌സും ഓണ്‍ ചെയ്യുമ്പോള്‍ ചാനല്‍ നമ്പരൊന്നും പ്രസ് ചെയ്യാതെ ആദ്യം വരുന്ന പേജാണ് ലാന്‍ഡിംഗ് പേജ്. ടിവി ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം ചാനല്‍ വരുന്നതിനായി കൂടുതല്‍ പണം നല്‍കി ലാന്‍ഡിംഗ് പേജ് സ്വന്തമാക്കുന്ന പ്രവണത രാജ്യത്ത് കൂടിവരികയാണ്. റേറ്റിംഗിനായി ഈ വ്യൂവര്‍ഷിപ്പ് കൂടി കണക്കാക്കുമ്പോള്‍ വരുന്ന തെറ്റിദ്ധാരണകളും ആശയക്കുഴപ്പവും ഒഴിവാക്കുന്നതിനും ചാനല്‍ റേറ്റിംഗ് സംവിധാനം കൂടുതല്‍ സുതാര്യമാക്കുന്നതിനുമാണ് പുതിയ ഭേദഗതി. ടിആര്‍പി റേറ്റിംഗ് കണ്ടെത്തുന്നതിനായി പരിഗണിക്കുന്ന ഉപയോക്താക്കളുടെ തിരിച്ചറിയാനാകാത്ത ഗ്രൂപ്പിന്റെ (random group) വലിപ്പം കൂട്ടാനും വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം ശിപാര്‍ശ ചെയ്തിട്ടുണ്ട്. കുറഞ്ഞത് 80,000 വീടുകളെയെങ്കിലും പാനലില്‍ ഉള്‍പ്പെടുത്തണമെന്നാണ് പുതിയ നിര്‍ദേശം.
വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഈ ഭേദഗതിയെ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷന്‍ സ്വാഗതം ചെയ്തു. പരസ്യക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ചില ചാനലുകള്‍ ലാന്‍ഡിംഗ് പേജുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷന്‍ പ്രസ്താവനയില്‍ വിമര്‍ശിച്ചു. ലാന്‍ഡിംഗ് പേജ് സ്വന്തമാക്കി റേറ്റിംഗ് ഉയര്‍ത്തി അതുപയോഗിച്ച് കൂടുതല്‍ പരസ്യവരുമാനം നേടാനാണ് ചില ചാനലുകള്‍ ശ്രമിക്കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെന്നും ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷന്‍ സ്വതന്ത്ര ചാനലുകള്‍ക്കൊപ്പമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
STORY HIGHLIGHT : landing page not to be counted for trp rating says MIB
















