ജമ്മു കശ്മീർ പൊലീസ് ശ്രീനഗറിൽ നടത്തിയ റെയ്ഡിനിടെ ആയുധങ്ങളും വെടിക്കോപ്പുകളുമായി മൂന്ന് പേർ പിടിയിൽ. നഗരത്തിലെ ദാൽഗേറ്റ് പ്രദേശത്തെ മംത ചൗക്കിന് സമീപം പതിവ് പരിശോധനയ്ക്കിടെയാണ് റജിസ്ട്രേഷൻ നമ്പർ ഇല്ലാത്ത ബൈക്കിൽ വന്നിരുന്ന മൂന്ന് പേരെ പൊലീസ് തടഞ്ഞുവച്ച് പരിശോധിച്ചത്.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ശ്രീനഗറിലെ കൂലിപോര ഖന്യാർ പ്രദേശത്തെ താമസക്കാരായ ഷാ മുത്തായിബ്, കമ്രാൻ ഹസ്സൻ ഷാ, ഖന്യാറിലെ കാവ മൊഹല്ലയിൽ താമസിക്കുന്ന ഉത്തർപ്രദേശിലെ മീററ്റ് നിവാസിയായ മുഹമ്മദ് നദീം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ടെടുത്ത ആയുധവും വെടിക്കോപ്പുകളും ഉപയോഗിച്ച് പ്രതികൾ പ്രദേശത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്.
















