തെക്കൻ ലബനനിലെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഇസ്രയേൽ യുദ്ധവിമാനങ്ങൾ മൂന്ന് നഗരങ്ങളിൽ ആക്രമണം നടത്തി. ഹിസ്ബുല്ലയുടെ സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
ഇസ്രയേലുമായി ചർച്ചകൾക്ക് ശ്രമിക്കരുതെന്ന് ലബനൻ സർക്കാരിനോട് ഹിസ്ബുല്ല ആവശ്യപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ വ്യോമാക്രമണം നടന്നത്. ആക്രമണങ്ങളെ ലബനൻ പ്രസിഡന്റ് ജോസഫ് ഔൻ രൂക്ഷമായി വിമർശിച്ചു. അതേസമയം, സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഒരു വർഷം മുൻപുള്ള വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടാണ് ഇസ്രയേലും ഹിസ്ബുല്ലയും വീണ്ടും ഏറ്റുമുട്ടുന്നത്. തെക്കൻ ലെബനനിലെ തയർ ജില്ലയെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ നടത്തിയ മറ്റൊരു ആക്രമണമുണ്ടായത്.
ഹിസ്ബുല്ലയുടെ നിർമ്മാണ യൂണിറ്റിലെ അംഗങ്ങളെ ആക്രമിച്ചതായും തങ്ങളുടെ രാജ്യത്തിനു നേരെയുള്ള ഏത് ഭീഷണിയും നീക്കം ചെയ്യുന്നതിനായി ആക്രമണം തുടരുമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.
















