തിരുവനന്തപുരം വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ് ശ്രീക്കുട്ടി. ഇവരുടെ നിലവിലെ നിലവിലയിരുത്താൻ തുടർച്ചയായി സിടി സ്കാൻ എടുത്ത് പരിശോധിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സംഘമാണ് പെൺകുട്ടിയെ പരിശോധിക്കുന്നത്. വീഴ്ചയുടെ ആഘാതത്തിൽ തലയിൽ പലയിടത്തും ചതവുകൾ ഉണ്ട്, തലച്ചോറിനേറ്റ പരുക്ക് ഗുരുതരമാണ്. സർജറി ന്യുറോ കൃട്ടിക്കൽ കെയർ ഉൾപ്പെട്ട വിവിധ വിഭാഗളിലെ ഡോക്ടർമാർ ഉൾപ്പെട്ട വിദഗ്ധ സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്.
അതേസമയം സംഭവത്തിൽ പൊലീസ് അന്വേഷണവും തുടരുകയാണ്. സാധ്യമായ തെളിവുകൾ എല്ലാം ശേഖരിക്കാൻ ആണ് പൊലീസ് ലക്ഷ്യംവെക്കുന്നത്. കഴിഞ്ഞദിവസം പ്രതി സുരേഷ്‌കുമാർ മദ്യപിച്ച കോട്ടയത്തെ ബാറിലെയും റെയിൽവേ കംപാർട്ട്മെന്റുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം അന്വേഷണസംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
ശേഷം അപകടം നടന്ന അയന്ദി മേൽപ്പാലത്തിന് സമീപമെത്തി പ്രതിയുമായി തെളിവെടുപ്പ് നടത്തും. പെൺകുട്ടിയുടെ സുഹൃത്ത് അർച്ചനയെ രക്ഷിക്കുകയും പ്രതിയെ ബലമായി കീഴ്പ്പെടുത്തുകയും ചെയ്ത യാത്രക്കാരനെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ മൊഴിയും കേസന്വേഷണത്തിൽ നിർണായകമാണ്.
















