രാജ്യത്തെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും. സംസ്ഥാനങ്ങൾ സമർപ്പിച്ച മറുപടി പരിശോധിച്ചായിരിക്കും ജസ്റ്റിസ് വിക്രംനാഥന്‍റെ ബെഞ്ച് ഉത്തരവ് പറയുക.
സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് നിർദേശം നൽകിയിരുന്നു. ഇടക്കാല ഉത്തരവിനു ശേഷം എല്ലാ കക്ഷികളുടെയും വാദം വിശദമായി കേൾക്കുമെന്നും സുപ്രിംകോടതി അറിയിച്ചിരുന്നു.ദേശീയ മൃഗ ക്ഷേമ ബോർഡിനെയും കോടതി കേസിൽ കക്ഷിയാക്കിയിട്ടുണ്ട്.
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിസരത്ത് തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് ഗൗരവമായി കാണുന്ന കോടതി, ഇക്കാര്യത്തിൽ പ്രത്യേക നിർദേശങ്ങൾ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ 27ന് തെരുവുനായ വിഷയം കോടതി പരിഗണിച്ചപ്പോൾ പശ്ചിമ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളിലെ ഒഴികെ എല്ലാം സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നേരിട്ട് നവംബർ മൂന്നിന് സുപ്രിം കോടതിയിൽ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു.
കോടതിയുടെ ആഗസ്ത് 22ലെ ഉത്തരവിൽ അനുബന്ധ സത്യവാങ് മൂലം സമർപ്പിക്കാത്തത് എന്ത് കൊണ്ടെന്ന് വിശദീകരിക്കാനാണ് ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളത്.
















