യു.എസ്. സർക്കാരിന്റെ ഷട്ട്ഡൗൺ പ്രതിസന്ധി വിമാന സർവീസുകളെ ഗുരുതരമായി ബാധിച്ചു. ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവിനെ തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നൽകിയ നിർദ്ദേശപ്രകാരം രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളിൽ നിന്ന് ഇന്നലെ മുതൽ നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കിയത്.
ഇന്ന് സർവീസ് നടത്തേണ്ട അഞ്ഞൂറോളം വിമാനങ്ങളും വെട്ടിക്കുറച്ചിട്ടുണ്ട്. വിമാന തടസങ്ങൾ നിരീക്ഷിക്കുന്ന വെബ്‌സൈറ്റായ ഫ്ലൈറ്റ്അവെയർ പ്രകാരം, വ്യാഴാഴ്ച ഉച്ചയോടെ റദ്ദാക്കലുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചു.
ന്യൂയോർക്ക്, ലൊസാഞ്ചലസ്, ഷിക്കാഗോ എന്നിവയുൾപ്പെടെ യുഎസിലുടനീളമുള്ള ഏറ്റവും തിരക്കേറിയ 40 വിമാനത്താവളങ്ങളിലെ വിമാനങ്ങൾ വെട്ടിക്കുറയ്ക്കാനാണ് ഉത്തരവ്. എന്നാൽ അതിന്റെ ആഘാതം പല ചെറിയ വിമാനത്താവളങ്ങളെയും ബാധിക്കും.
തിരക്കേറിയ കണക്റ്റിങ് ഹബുകളായ അറ്റ്ലാന്റ, ഡെൻവർ, ഒർലാൻഡോ, മയാമി, സാൻ ഫ്രാൻസിസ്കോ എന്നിവയുൾപ്പെടെയുള്ള ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളെയും വിമാനം റദ്ദാക്കുന്നത് ബാധിച്ചു. ഡാലസ്, ഹൂസ്റ്റൺ, ഷിക്കാഗോ തുടങ്ങിയ ചില വലിയ നഗരങ്ങളിൽ ഒന്നിലധികം വിമാനത്താവളങ്ങളെ ഇത് ബാധിക്കും.
വിമാന ഷെഡ്യൂളുകളിൽ 10 ശതമാനം കുറവ് വരുത്താൻ വിമാനക്കമ്പനികൾ ഘട്ടംഘട്ടമായി നടപടി സ്വീകരിക്കുമെന്നാണ് വിവരം.
















