എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വാരാണസിയിൽ നിന്ന് ഓൺലൈനായി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.
നാളെ രാവിലെ 8 മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഇതിനായുള്ള പ്രത്യേക വേദി ഒരുക്കുന്നുണ്ട്.
ട്രെയിനിന്റെ ട്രയൽ റൺ ബെംഗളൂരു-എറണാകുളം റൂട്ടിൽ വിജയകരമായി പൂർത്തിയാക്കി. 8 കോച്ചുകളുള്ള റേക്കാണ് ട്രയൽ റൺ നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1:30 ഓടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ എത്തിയ ട്രെയിൻ 2:30ന് തിരികെ പുറപ്പെട്ടു. ഇത് ഇന്ന് വൈകിട്ട് വീണ്ടും എറണാകുളത്ത് എത്തിക്കും.
ഉദ്ഘാടന സ്പെഷൽ ട്രെയിനായി നാളെ രാവിലെ 8ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് തൃശൂരിൽ 9 മണിക്കും പാലക്കാട് ജങ്ഷനിൽ 10:50നും എത്തും. വൈകിട്ട് 5:50ന് ട്രെയിൻ ബെംഗളൂരുവിൽ എത്തിച്ചേരും.
















