ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇന്നലെ അറസ്റ്റിലായ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിന് രണ്ട് കേസുകളിലും പങ്കെന്ന് എസ്‌ഐടി. ദ്വാരപാലക പാളി, കട്ടിളപ്പാളി കേസുകളില്‍ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വർണ്ണപാളികൾ കൈമാറുമ്പോൾ തിരുവാഭരണം കമ്മീഷണറായിരുന്ന കെ എസ് ബൈജു മനഃപൂർവ്വം വിട്ടുനിൽക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ക്രൈംബ്രാഞ്ച് ഓഫീസിൽ എസ്ഐടിയുടെ ചോദ്യം ചെയ്യലിൽ ആണ് ഇക്കാര്യങ്ങൾ തെളിയിക്കുന്ന വിവരം ലഭിച്ചത്.
കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പാക്കി എഴുതിയതിലും ബൈജുവിന് പങ്കുണ്ടെന്നാണ് വിവരം. ബൈജു അഴിമതിക്ക് കൂട്ടുനിന്നെന്ന് എസ്‌ഐടി കോടതിയെ അറിയിക്കും.
ഇന്ന് ഉച്ചയോടുകൂടി പത്തനംതിട്ട റാന്നി കോടതിയിൽ ഹാജരാകും. അതിന് ശേഷമായിരിക്കും കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യൽ നടക്കുക. നിലവിൽ ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് എസ്ഐടി അന്വേഷണം നടത്തുന്നത്.
മൂന്ന് ഉദ്യോഗസ്ഥരാണ് ശബരിമലയിലെ സ്വർണപാളി മോഷണത്തിൽ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥ തലത്തിൽ വലിയ അട്ടിമറിയും ഗൂഢാലോചനയും ഇക്കാര്യത്തിൽ നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
















