കോഴിക്കോട്: വയനാട് ചുരംപാതയിലെ ഗതാഗത ബുദ്ധിമുട്ടുകൾക്ക് സ്ഥിരമായ പരിഹാരമായി നിർദേശിച്ച പൂഴിത്തോട്–പടിഞ്ഞാറത്തറ ബദൽ റോഡിന്റെ അലൈൻമെന്റിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചു. അനുമതി ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
മൊത്തം 20.9 കിലോമീറ്റർ നീളമുള്ള ഈ പാതയാണ് പദ്ധതിയായി ആലോചിക്കുന്നത്. ബദൽ ചുരംപാതയായി ഈ റോഡ് പ്രവർത്തനം ആരംഭിച്ചാൽ കോഴിക്കോട്–വയനാട് ഇടയിലേയ്‌ക്ക് സഞ്ചാരികൾക്കും ചരക്കുവാഹനങ്ങൾക്കും വലിയ ആശ്വാസമാകും.
പദ്ധതിയുടെ ഡിറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി പി ആർ) തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. നേരത്തെ അലൈൻമെന്റ് പഠനത്തിനും ഇൻവെസ്റ്റിഗേഷൻ പ്രവർത്തനങ്ങൾക്കുമായി 1.5 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരുന്നു.
“പദ്ധതി രേഖ തയാറാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും വേഗത്തിലാക്കി മുന്നോട്ടുകൊണ്ടുപോകുന്നു. ജനങ്ങൾ ഏറെ നാളായി ആഗ്രഹിച്ചിരുന്ന ഈ റോഡ് യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ പ്രതിബദ്ധമാണ്. അതിനായി എല്ലാ തലങ്ങളിലും കഠിനമായ പരിശ്രമം തുടരുന്നു,” — എന്ന് മന്ത്രി റിയാസ് വ്യക്തമാക്കി.
















