വടകര: വടകര താലൂക്കിലെ ജനങ്ങളുടെ ഏറെ നാളായുള്ള പ്രതീക്ഷയായ റവന്യൂ ടവറിന് 26 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചതായി എം.എൽ.എ കെ.കെ. രമ അറിയിച്ചു.
പതിറ്റാണ്ടുകളായി വടകരയിലെ ജനങ്ങൾ കാത്തിരുന്ന പദ്ധതിയാണ് റവന്യൂ ടവർ. 2021 ഡിസംബർ 17-ന് താലൂക്ക് ഓഫീസ് തീപിടിച്ച് കത്തി നശിച്ചതിനെ തുടർന്ന്, റവന്യൂ മന്ത്രി കെ. രാജൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
തുടർന്ന് റവന്യൂ ടവർ നിർമ്മാണത്തിനുള്ള പ്രോപ്പോസൽ മന്ത്രിക്ക് സമർപ്പിക്കുകയും, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഫയൽ നടപടികൾ പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ₹25,78,24,778 രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചതെന്ന് എം.എൽ.എ വ്യക്തമാക്കി.
“റവന്യൂ ടവറിന്റെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. പദ്ധതി എത്രയും വേഗം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും,” — എം.എൽ.എ കെ.കെ. രമ കൂട്ടിച്ചേർത്തു.
















