നാദാപുരം: “ചോദ്യങ്ങളെ ഭയപ്പെടാതെ ചിന്തിക്കുന്നവരും ചോദ്യം ചോദിക്കുന്നവരുമായ വിദ്യാർത്ഥികളായിത്തീരണം,” — എന്ന് ഷാഫി പറമ്പിൽ എം.പി. അഭിപ്രായപ്പെട്ടു.
പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ലിറ്ററേച്ചറൽ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ചോദ്യങ്ങളെ വിലമതിക്കുന്നതും പുതിയ ചിന്തകൾക്ക് വഴിയൊരുക്കുന്നതുമാണ് വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ദൗത്യം. ചോദ്യങ്ങൾ ചോദിക്കാൻ ഭയപ്പെടാത്ത തലമുറയാകണം നമ്മുടെ വിദ്യാർത്ഥികൾ. പേരോട് സ്കൂളിൽ കഴിഞ്ഞ തവണ വന്നപ്പോഴുണ്ടായ സംവാദം കേരള രാഷ്ട്രീയത്തിലും കോൺഗ്രസ് രാഷ്ട്രീയത്തിനുള്ളിലും ഏറെ ചർച്ചയായത് അതിന് തെളിവാണ്,” — ഷാഫി പറമ്പിൽ പറഞ്ഞു.
മാനേജർ പി.ബി. കുഞ്ഞമ്മദ് ഹാജി അധ്യക്ഷനായിരുന്നു. ദീർഘകാലം എം.ഐ.എം. കമ്മിറ്റി ഭാരവാഹിയായി പ്രവർത്തിച്ച എൻ.വി. അഹമ്മദ് മുൻഷിക്ക് ആദരസമ്മാനം ഷാഫി പറമ്പിൽ എം.പി. സമ്മാനിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു.
എം.പി. പ്രശാന്ത്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡൻറ് ബംഗ്ലത്ത് മുഹമ്മദ്, ജനറൽ സെക്രട്ടറി ടി.കെ. അബ്ബാസ്, പ്രിൻസിപ്പൽ എ.കെ. രഞ്ജിത്, എൻ.വി. ഹാരിസ്, എം.എം. മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
















