ജോലിഭാരം കുറയ്ക്കാന്‍ പത്ത് രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. പശ്ചിമ ജർമ്മനിയിലാണ് പത്ത് രോഗികളെ കൊലപ്പെടുത്തുകയും 27 പേരെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പാലിയേറ്റീവ് കെയർ വിഭാഗത്തിലെ നഴ്സിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.
2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയിൽ വൂർസെലൻ നഗരത്തിലെ ആശുപത്രിയിലാണ് സംഭവം നടന്നത്. രാത്രി ഷിഫ്റ്റുകളിൽ ജോലിഭാരം കുറയ്ക്കുന്നതിനായി ഇയാള്‍ പ്രായമായ രോഗികൾക്ക് ഉള്‍പ്പെടെ മോർഫിനോ മയക്കുമരുന്നോ കുത്തിവെക്കും.
കൃത്യമായ പരിചരണം ആവശ്യമുള്ള രോഗികളാണ് പ്രധാനമായും പാലിയേറ്റീവ് കെയര്‍ വിഭാഗത്തിലുണ്ടാവുക. ഇത്തരം രോഗികളെ നോക്കുന്നതില്‍ ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും അല്‍പം പോലും സഹാനുഭൂതി ഇല്ലാത്ത ആളാണെന്നും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ ധരിപ്പിച്ചു.
അതേസമയം ഇയാള്‍ കൊലപ്പെടുത്തിയ ആളുകളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും ഇരകളെ തിരിച്ചറിയുന്നതിനായി മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
















