മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്തിൽ ടൂറിസവും ശാസ്ത്രവിദ്യാഭ്യാസവുമെല്ലാം ഒരുമിപ്പിക്കുന്ന പുതിയ സംരംഭമായി ‘ടേക്ക് എ ബ്രേക്ക്’ വിശ്രമകേന്ദ്രവും വാനനിരീക്ഷണ കേന്ദ്രവും ഉദ്ഘാടനം ചെയ്തു. ചടങ്ങ് എം.എൽ.എ കെ.പി. കുഞ്ഞമ്മദ്കുട്ടി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് അധ്യക്ഷനായി. അസി. എഞ്ചിനീയർ മിഥുൻ കുര്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജയപ്രഭ, സെക്രട്ടറി കെ.അൻസാർ, വാർഡ് മെമ്പർ പ്രഭപുനത്തിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി.സത്യൻ, ടി.അഹമ്മദ്, സജിത് കൊറ്റുമ്മൽ, ടി.രാജൻ, പി.ശങ്കരൻ, വി.പി.ബാലൻ എന്നിവർ സംസാരിച്ചു.
ടേക്ക് എ ബ്രേക്കിൻ്റെ താഴത്തെ നിലയിൽ ശൗചാലയം, ഹോട്ടൽ, ഒന്നാം നിലയിൽ ഗസ്റ്റ് റൂം, മൾട്ടി പർപ്പസ് ഹാൾ, രണ്ടാം നിലയിൽ സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെ വാന നിരീക്ഷണ കേന്ദ്രം എന്നിവയാണ് സജ്ജമാക്കിയത്. വാനനിരീക്ഷണ കേന്ദ്രത്തിൽ കേരള സ്റ്റേറ്റ് സയൻസ് ടെക്നോളജി മ്യൂസിയം, കമ്പ്യൂട്ടറൈസ്ഡ് ടെലിസ്കോപ്പ്, സോളാർ ടെലിസ്കോപ്പ്, ആസ്ട്രോ ഫോട്ടോഗ്രഫി ഉപകരണങ്ങൾ, സ്മാർട്ട് റൂം, സൺഡയൽ എക്സിബിഷൻ, രാത്രിയിലെ ആകാശ നിരീക്ഷണ സൗകര്യം എന്നിവയാണ് ഒരുക്കിയത്.
















