കോയമ്പത്തൂരിൽ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട 25 കാരിയുടെ സ്വർണവും പണവും കവർന്ന യുവാക്കൾ പിടിയിൽ. സംഭവത്തില്‍ നഗരത്തിലെ രാമനാഥപുരം സ്വദേശി തരുണ്‍ (28), സുഹൃത്തും പോലീസ് ഓഫീസറുടെ മകനുമായ ധനുഷ് എന്നിവരുടെ പേരിൽ റേസ് കോഴ്സ് പോലീസ് കേസെടുത്തു.
നഗരത്തിൽ ജോലി ചെയ്തു വരികയായിരുന്നു യുവതി. യുവതിയും പ്രതികളിലൊരാളായ തരുണും ഡേറ്റിംഗ് ആപ്പ് വഴിയാണ് പരിചയപ്പെടുന്നത്. അങ്ങനെ കഴിഞ്ഞ ദിവസം തരുൺ യുവതിയോട് തനിച്ച് സംസാരിക്കണം എന്ന് പറഞ്ഞ് വിളിച്ച് വരുത്തുകയായിരുന്നു. കെജി ചാവടിഭാഗത്തേക്ക് വരാനായിരുന്നു തരുൺ യുവതിയോട് പറഞ്ഞത്. അവിടെ എത്തിയ യുവതിയെ തരുണും കൂടെ ഉണ്ടായിരുന്ന സുഹൃത്തായ ധനുഷും ഭീഷണിപ്പെടുത്തുകയും അക്കൗണ്ടിൽ ഉണ്ടായിരുന്ന 90,000 രൂപയും യുവതി ധരിച്ചിരുന്ന മൂന്നുപവൻ സ്വർണവും തട്ടിയെടുക്കുകയായിരുന്നു എന്നും ആണ് പരാതി.
രാത്രി 11 മണിയോടെ യുവതിയെ ട്രിച്ചി റോഡില്‍ പ്രതികൾ ഇറക്കിവിട്ടു. തനിച്ചു ഹോസ്റ്റലിലേക്ക് പോകാന്‍ കഴിയില്ലെന്നു പറഞ്ഞപ്പോള്‍ തരുണ്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂമെടുത്തുനല്‍കിയെന്നും പറയുന്നു. പിന്നീട് യുവതി സഹോദരിയെ വിവരമറിയിക്കുകയും പിറ്റേദിവസം റേസ് കോഴ്സ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇരുവര്‍ക്കുമായി പോലീസ് അന്വേഷണം തുടങ്ങി.
















