കഴിഞ്ഞ മാസം റഷ്യയിലെ ഊഫയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം വൈറ്റ് നദിക്കടുത്തുള്ള ഒരു ഡാമിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. രാജസ്ഥാനിലെ ആൽവാർ സ്വദേശിയായ 22 വയസ്സുകാരനായ അജിത് സിംഗ് ചൗധരിയാണ് മരിച്ചത്. 2023-ൽ എംബിബിഎസ് പഠനത്തിനായി ബാഷ്കിർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ചേർന്ന വിദ്യാർത്ഥിയാണ് അജിത്.
ഒക്‌ടോബർ 19-ന് രാവിലെ 11 മണിയോടെ ഹോസ്റ്റലിൽ നിന്ന് പാൽ വാങ്ങാൻ പോയ അജിത് സിംഗ് ചൗധരിയെ പിന്നീട് കാണാതാവുകയായിരുന്നു. വൈറ്റ് നദിയോട് ചേർന്നുള്ള ഡാമിൽ നിന്നാണ് ചൗധരിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ആൽവാർ സരസ് ഡയറി ചെയർമാൻ നിതിൻ സാംഗ്വാനെ എൻഡിടിവിയോട് റിപ്പോർട്ട് ചെയ്തു.
കാണാതായതിന് പിന്നാലെ അജിത് ചൗധരിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. നദീതീരത്ത് നിന്ന് അദ്ദേഹത്തിന്റെ ജാക്കറ്റ്, ഷൂസ്, മൊബൈൽ ഫോൺ എന്നിവ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടർന്ന്, അജിതിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും നാട്ടുകാരും കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനെ സമീപിക്കുകയും വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആൽവാർ ജില്ലാ കളക്ടർക്ക് അപ്പീൽ നൽകുകയും ചെയ്തിരുന്നു.
ഒക്‌ടോബർ 20-ന് റഷ്യൻ പോലീസ് കുടുംബാംഗങ്ങളെ വിളിച്ചിരുന്നതായി അജിത്തിന്റെ അമ്മാവൻ ഭൂം സിംഗ് ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. എന്നാൽ, അന്ന് കാര്യങ്ങൾ വ്യക്തമായിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. “പിന്നീട്, റൂംമേറ്റ് ഹോസ്റ്റൽ വാർഡനെ വിവരം അറിയിച്ചെങ്കിലും വാർഡൻ കൃത്യമായി പ്രതികരിക്കുന്നില്ലായിരുന്നു. കോളേജ് അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. അജിത്തിന് എന്ത് സംഭവിച്ചുവെന്നതിനെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു വിവരവുമില്ല,” അജിതിന്റെ അമ്മാവൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവത്തിന് ശേഷം, അജിത് നദിയിൽ ചാടിയതാകാമെന്ന് വരുത്തിത്തീർക്കാൻ അധികൃതർ ശ്രമിക്കുന്നതായി കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. കാണാതാകുന്നതിന് ഒരു മണിക്കൂർ മുമ്പ് അദ്ദേഹം കുടുംബവുമായി സംസാരിച്ചിരുന്നു.
അജിത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി സഹായം അഭ്യർത്ഥിച്ച് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (AIMSA) കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയ്ക്കും കത്തയച്ചിട്ടുണ്ട്. നവംബറിൽ നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് അജിത് ചൗധരിയെ കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയും ചെയ്തത്
















