ഭോപ്പാൽ: വ്യാജ ആരോപണത്തിലാണ് തന്നെ ജയിലിൽ അടച്ചതെന്ന് മധ്യപ്രദേശിൽ അറസ്റ്റിലായ മലയാളി വൈദികൻ ഫാദർ ഗോഡ്‍വിൻ. ഒരു വ്യക്തിയെ പോലും താൻ മതം മാറ്റാൻ ശ്രമിച്ചിട്ടില്ല. ആരോപണങ്ങൾക്ക് പിന്നിൽ വിശ്വഹിന്ദു പരിഷത്തും ബജരംഗ്ദളുമാണ്. ക്രിസ്ത്യാനികൾക്ക് ഒപ്പമെന്ന് പറയുന്ന ബിജെപി നേതാക്കൾ രഹസ്യമായി ആക്രമണം നടത്തുന്നു എന്നും ഫാദർ വ്യക്തമാക്കി.
മതപരിവർത്തനവുമായി ബന്ധപ്പെട്ട് വൈദികനെതിരെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെങ്കിലും ഇതുമായി ബന്ധപ്പെട്ട് പോലീസ് വ്യക്തത വരുത്തുന്നില്ല. പല സംഘടനകളുമായി ചേർന്ന് നിന്ന് മതപരിവർത്തനം നടത്തി എന്ന ആരോപണം മാത്രമാണ് നിലവിലുള്ളത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.
കഴിഞ്ഞ മാസം 25നാണ് ഗോഡ്‍വിൻ അറസ്റ്റിലാവുന്നത്. 25 വർഷമായി മധ്യപ്രദേശിലും മറ്റു വടക്കേ ഇന്ത്യൻ സംസ്ഥാങ്ങളിലും പ്രവർത്തിച്ചു വരുകയാണ് ഗോഡ്വിൻ. മിഷനറി പ്രവർത്തനങ്ങൾ നടത്തുന്ന വൈദികനെ ഇത്തരത്തിൽ കേസിൽ പെടുത്തുന്നതിന് പിന്നിൽ മറ്റ് ചില സംഘടനകളുടെ താല്പര്യമുണ്ടെന്ന് സിഎസ്ഐ ആരോപിച്ചു. സഭയുടെ അധികാരികൾ മധ്യപ്രദേശിൽ എത്തിയിരുന്നു.
















