ഇഡ്ഡലി മാവ് കൊണ്ട് പെട്ടെന്നൊരു കറുമുറാ പക്കാവട ഉണ്ടാക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും ഈ ഐറ്റം. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
ഇഡ്ഡലി മാവ് – രണ്ട് കപ്പ്
പൊട്ടുകടല – രണ്ട് കപ്പ്
മുളകുപൊടി – 1 ടേബിൾസ്പൂൺ
ഉപ്പ് – 1/2 ടീസ്പൂൺ
ജീരകപ്പൊടി – 1/2 ടീസ്പൂൺ
കായപ്പൊടി – 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
രണ്ടു കപ്പ് പൊട്ടുകടല എടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. നന്നായി പൊടിച്ച് എടുക്കണം. ഒട്ടും തരികളില്ലാതെ വേണം പൊടിച്ച് എടുക്കാൻ. ഇനി ഒരു പാത്രത്തിൽ രണ്ട് കപ്പ് ഇഡ്ഡലി മാവ് എടുക്കുക. അധികം പുളിക്കാത്ത മാവാണ് ഇതിനു നല്ലത്. ഇനി പൊട്ടു കടല പൊടിച്ചത് ഇഡ്ഡലി മാവിലേക്ക് ചേർക്കുക. ശേഷം മാവിലേക്ക് എരുവിന് ആവശ്യമായ ഒരു ടേബിൾസ്പൂൺ മുളകുപൊടി, 1/2 ടീസ്പൂൺ ഉപ്പ്, 1/2 ടീസ്പൂൺ ജീരകപ്പൊടി, 1/2 ടീസ്പൂൺ കായപ്പൊടി എന്നിവ ചേർക്കുക.
•ഇതിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ ചേർത്തു കൊടുക്കുക. ശേഷം ഇത് നന്നായി യോജിപ്പിക്കുക. കൈ വച്ച് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തിക്കു കുഴയ്ക്കുന്ന പരുവത്തിൽ മയത്തിൽ കുഴച്ചെടുക്കാം. ഇനി സേവനാഴിയിലേക്കു പക്കവാടയുടെ അച്ച് ഇട്ട് കൊടുത്തു മാവ് നിറയ്ക്കുക. ഇനി ചൂടായ എണ്ണയിലേക്ക് ഇത് പിഴിഞ്ഞു കൊടുക്കാം. ഇനി ഇത് നന്നായി എല്ലാ വശങ്ങളും വേകണം. അതിന് ഇടയ്ക്കിടയ്ക്ക് തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക. ചെറിയ ബ്രൗൺ കളറാകുന്നതു വരെ വേവിക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്കു കോരി ഇടാം. ക്രിസ്പിയും ടേസ്റ്റിയും ആയിട്ടുള്ള ഈസി പലഹാരം റെഡി.
















