ശരീരഭാരം കുറയ്ക്കുന്നതിനുള്ള മരുന്നുകളുടെ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന ചർച്ചയ്ക്കിടെ, ക്ഷണിക്കപ്പെട്ട ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്രതിനിധി കുഴഞ്ഞുവീണു. പ്രമുഖ മരുന്ന് കമ്പനിയായ എലി ലില്ലിയുടെ പ്രതിനിധിയായ ഗോർഡൻ എന്നയാളാണ് ട്രംപ് ഇരുന്നിരുന്ന റെസല്യൂട്ട് ഡെസ്‌കിന് പിന്നിൽ നിൽക്കവേ കുഴഞ്ഞുവീണത്.
പരിപാടി തുടങ്ങി ഏകദേശം 30 മിനിറ്റോളം അതിഥികൾ പ്രസിഡന്റിനും മറ്റ് ഉദ്യോഗസ്ഥർക്കും വേണ്ടി എഴുന്നേറ്റ് നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് സംഭവം. ഉടൻ തന്നെ ട്രംപിന്റെ മെഡികെയ്ഡ് സർവീസസ് അഡ്മിനിസ്ട്രേറ്ററായ മെഹ്മത് ഓസ് അദ്ദേഹത്തെ പരിശോധിക്കുകയും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. തുടർന്ന്, മാധ്യമങ്ങളെ മുറിയിൽ നിന്ന് പുറത്താക്കുകയും ചർച്ച ഏകദേശം ഒരു മണിക്കൂറോളം നിർത്തിവെക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പിന്നീട് പ്രതികരിച്ച ഡൊണാൾഡ് ട്രംപ്, അദ്ദേഹത്തിന് തലകറക്കമുണ്ടായതാണെന്നും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും അറിയിച്ചു.
അപ്രതീക്ഷിതമായ ഈ സംഭവത്തിന് ശേഷം ചർച്ച പുനരാരംഭിച്ചു. തുടർന്ന്, ശരീരഭാരം കുറയ്ക്കുന്ന മരുന്നുകളുടെ വില കുറയ്ക്കുന്നതിന് എലി ലില്ലി, നോവോ നോർഡിസ്ക് എന്നീ ഫാർമസ്യൂട്ടിക്കൽ ഭീമന്മാരുമായി കരാറിലെത്തിയതായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. രണ്ട് കമ്പനികളും GLP-1 എന്ന മരുന്ന് വിലക്കുറവിൽ നൽകാൻ സമ്മതിച്ചിട്ടുണ്ട്. എലി ലില്ലിയുടെ സെപ്ബൗണ്ട് (Zepbound), നോവോ നോർഡിസ്കിന്റെ വെഗോവി (Wegovy) എന്നീ ഉൽപ്പന്നങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനാണ് ധാരണയായിരിക്കുന്നത്.
ടൈപ്പ് 2 പ്രമേഹം, അമിതഭാരം എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന GLP-1 അഗോണിസ്റ്റുകൾ സമീപകാലത്ത് അമേരിക്കയിൽ വൻ പ്രചാരം നേടിയിരുന്നു. എന്നാൽ, ഈ മരുന്നുകൾക്ക് പ്രതിമാസം ആയിരം ഡോളറിൽ അധികം ചെലവ് വരുന്നതിനാൽ സാധാരണക്കാർക്ക് ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മരുന്നുകളുടെ വില ഗണ്യമായി കുറയ്ക്കുന്നതിനുള്ള ഈ നിർണായക കരാർ വൈറ്റ് ഹൗസ് പ്രഖ്യാപിച്ചത്.
















