വിലങ്ങാട്: കഴിഞ്ഞ വർഷം വിലങ്ങാട്ട് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി ഷാഫി പറമ്പിൽ എംപി പ്രഖ്യാപിച്ച വീട് നിർമ്മാണ പദ്ധതിയുടെ ഭാഗമായി ഫണ്ട് വിതരണം നടന്നു. ദുരന്തബാധിതരായ 20 കുടുംബങ്ങൾക്കായി വീടുകൾ നിർമിക്കാമെന്ന് എംപി പ്രഖ്യാപിച്ചിരുന്നു.
ഇതിൽ 8 വീടുകളുടെ നിർമ്മാണം ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും, 2 വീടുകളുടെ പണി പൂർത്തിയാകാനൊരുങ്ങിയതായും അധികൃതർ വ്യക്തമാക്കി. പുതിയ ഘട്ടത്തിൽ 6 വീടുകൾക്ക് രണ്ട് ലക്ഷം രൂപ വീതം ആദ്യഗഡുവായും, 2 വീടുകൾക്ക് ഒന്നുലക്ഷം രൂപ വീതം നാലാം ഗഡുവായും ഷാഫി പറമ്പിൽ എംപി കൈമാറി. ബാക്കി വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചു.
ഫണ്ട് കൈമാറ്റ ചടങ്ങിൽ പി.എ. ആന്റണി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എൻ.കെ. മൂസ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജമാൽ കോരങ്കോട്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെൽമ രാജു, എം.കെ. മജീദ്, എൻ.കെ. മുത്തലിബ്, ജോർജ് മണ്ണാറുകുന്നേൽ, ഷെബി സെബാസ്റ്റ്യൻ, ജോസ് ഇരുപ്പക്കാട്ട്, പി. ബാലകൃഷ്ണൻ, ശശി പി.എസ്., സാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.
















