പാലക്കാട് കണ്ണാടി ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജുൻ ആദ്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സസ്പെന്ഷനിലായിരുന്ന പ്രധാനാധ്യാപിക യു. ലിസിക്കെതിരെയുള്ള നടപടി മാനേജ്‌മന്റ് പിൻവലിച്ചു. കഴിഞ്ഞദിവസം മുതൽ ഇവർ സ്കൂളിൽ വരാൻ തുടങ്ങി.
ഇതിനെതിരെ പ്രതിഷേധവുമായി അർജുന്റെ കുടുംബാംഗങ്ങൾ രംഗത്തുവന്നിരിക്കുകയാണ്. അർജുൻ മരിച്ച സംഭവത്തിൽ ആരോപണവിധേയ ആയിരുന്ന അദ്ധ്യാപിക ടി.ആശയെ അനുകൂലിച്ചു സംസാരിച്ചതിനായിരുന്നു യു.ലിസിയെ സസ്‌പെൻഡ് ചെയ്തത്. ടി. ആശ ഇപ്പോഴും സസ്പെന്ഷനിൽ തുടരുകയാണ്.
ഒക്ടോബര്‍ 14-നാണ് പല്ലഞ്ചാത്തനൂര്‍ പൊള്ളപ്പാടം ചരലംപറമ്പ് ബി. ജയകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ (14) ആദ്മഹത്യചെയ്തത്. ഇന്‍സ്റ്റാഗ്രാമില്‍ കുട്ടികള്‍തമ്മില്‍ സന്ദേശമയച്ച സംഭവത്തില്‍ അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയതിനാലാണ് അർജുൻ ആദ്മഹത്യ ചെയ്തത് എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. സംഭവത്തെത്തുടര്‍ന്ന് ക്ലാസില്‍ക്കയറാതെ പ്രതിഷേധിച്ച വിദ്യാര്‍ഥികളും ഇതേ ആരോപണമായിരുന്നു ഉന്നയിച്ചത്. സംഭവത്തിൽ ക്ലാസ്സിലെ പ്രധാനദ്ധ്യാപികയായ ടി. ആശയെ സസ്‌പെൻഡ് ചെയ്തത്.
പ്രധാനാധ്യാപികയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് സംഭവത്തില്‍ സാക്ഷികളായ മറ്റുകുട്ടികളെ സ്വാധീനിക്കുമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ അധ്യാപകരെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം. ഇതുസംബന്ധിച്ച് ഡിഡിഇക്ക് പരാതി നല്‍കിയതായും കുടുംബാംഗങ്ങള്‍ പറഞ്ഞു. കേസില്‍ കുഴല്‍മന്ദം പോലീസിന്റെ അന്വേഷണം നടത്തിവരികയാണ്.
















