വാൽപാറ: വിനോദസഞ്ചാരികൾക്കായി ഇ-പാസ് നിർബന്ധമാക്കിയതിനെ തുടർന്ന് വാൽപാറയിലെ ടൂറിസം മേഖല പ്രതിസന്ധിയിലായി. നവംബർ ഒന്നുമുതൽ സർക്കാർ നടപ്പാക്കിയ ഇ-പാസ് സംവിധാനം വിനോദസഞ്ചാരികളുടെ വരവിൽ കനത്ത കുറവ് സൃഷ്ടിച്ചുവെന്ന് വാൽപാറ ടൂറിസം വികസന കൗൺസിൽ സെക്രട്ടറി എം.ജി. ഷാജി മാളിയേക്കൽ പറഞ്ഞു.
സർക്കാരിന്റെ തീരുമാനം സംബന്ധിച്ച് മുൻകൂറായി വ്യക്തമായ ബോധവൽക്കരണം ലഭിക്കാത്തതും പാസ് എടുക്കേണ്ട നടപടിക്രമങ്ങൾ വ്യക്തമല്ലാത്തതുമാണ് വിനോദസഞ്ചാരികളെ പിന്നോട്ടടിച്ചത്. ഇ-പാസ് ഇല്ലാതെ എത്തിയ നിരവധി സഞ്ചാരികൾ, ആളിയാറിലെയും മലക്കപ്പാറയിലെയും വനംവകുപ്പ് ചെക്‌പോസ്റ്റുകളിൽനിന്ന് എളുപ്പത്തിൽ പാസ് ലഭിക്കുമെന്നറിയാതെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വഴിതിരിഞ്ഞു.
ഇതോടൊപ്പം, മലക്കപ്പാറ–ചാലക്കുടി ദേശീയപാതയിലെ കലുങ്ക് തകർന്നുവീണതിനെത്തുടർന്ന് വലിയ വാഹനങ്ങൾക്ക് ഗതാഗത വിലക്ക് ഏർപ്പെടുത്തിയതും വിനോദസഞ്ചാരികളുടെ വരവ് കുറയാൻ മറ്റൊരു കാരണമായി.
പ്രധാന ആകർഷണ കേന്ദ്രങ്ങളായ ചിന്നക്കല്ലാർ വെള്ളച്ചാട്ടം, കുഴങ്കൽ പുഴ, നല്ലമുടി പൂഞ്ചോൽ തുടങ്ങിയിടങ്ങളിലെ സഞ്ചാരികളുടെ എണ്ണം കഴിഞ്ഞ ആഴ്ചകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെയധികം കുറഞ്ഞത് പ്രദേശത്തെ വ്യാപാരികൾ ആശങ്കയോടെ കാണുന്നു.
















