വണ്ടിപ്പെരിയാർ: സംസ്കാരച്ചടങ്ങിനായി കുഴിമാടം ഒരുക്കുന്നതിനിടെ ദാരുണ അപകടം. സമീപത്തെ കല്ലറയുടെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. വണ്ടിപ്പെരിയാർ മൂങ്കലാർ സ്വദേശി കറുപ്പസ്വാമി (50) യാണ് മരിച്ചത്.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു ദുരന്തം. കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു മരിച്ച മൂങ്കലാർ സ്വദേശി പൊന്നുസ്വാമിയുടെ സംസ്കാരച്ചടങ്ങിനായി കുഴി തയ്യാറാക്കുന്നതിനിടെ അപകടം സംഭവിച്ചു. മൂങ്കലാർ പൊതുശ്മശാനത്തിലെ പഴയ കല്ലറയുടെ കോൺക്രീറ്റ് സ്ലാബ് അപ്രതീക്ഷിതമായി ഇടിഞ്ഞുവീണ് കറുപ്പസ്വാമിയുടെ മേൽ പതിക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനത്തിനിറങ്ങി സ്ലാബ് നീക്കം ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടിപ്പെരിയാർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: അന്തോണിയമ്മ.മക്കൾ: അരവിന്ദ്, ഐശ്വര്യ അഭി. പൊന്നുസ്വാമിയുടെ സംസ്കാരം പിന്നീട് നടത്തി.
















