വേളം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളെ വഴിയിൽ തടഞ്ഞ് മാരകായുധങ്ങളുമായി ആക്രമിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. വേളം പള്ളിയത്ത് സ്വദേശികളായ ചങ്ങരംകണ്ടി സുനിൽകുമാർ (50), ഭാര്യ മിനി (44) എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
മുയിപ്പോത്തിൽ നിന്നുള്ള നിർമാണ ജോലികൾ കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടയിൽ ആവള കക്കറമുക്ക് എന്ന സ്ഥലത്താണ് ആക്രമണം നടന്നത്. അഞ്ച് പേരടങ്ങിയ സംഘം ബൈക്ക് തടഞ്ഞു കയ്യിൽ മാരകായുധങ്ങളുമായി ഇരുവരെയും മർദിക്കുകയായിരുന്നു എന്ന് ദമ്പതികൾ പറഞ്ഞു.
കൈക്കും തലയ്ക്കും പരിക്കേറ്റ ഇവരെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരാതി പ്രകാരം 5 പേർക്കെതിരെ മേപ്പയ്യൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളിൽ രണ്ടു പേരെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരുംകണ്ടാലറിയാവുന്ന മൂന്ന് പേരും ചേർന്നാണ് അക്രമിച്ചത്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമായി. സിപിഐ പള്ളിയത്ത് ബ്രാഞ്ച് കമ്മിറ്റി യോഗം ചേർന്ന് കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽ ടി.കണാരൻ അധ്യക്ഷനായി. റിനിത പള്ളിയത്ത്, ജലീഷ് കരുവോത്ത്, എൻ.പി.കുഞ്ഞിരാമൻ, സി.കെ.രാജീവൻ, സി.എം.നാരായണൻ, കെ.രവീന്ദ്രൻ, പി.നാരായണൻ, കൈതക്കൽ ശശി എന്നിവർ സംസാരിച്ചു.
















