ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരളാ പോലീസും റെയിൽവേ പോലീസും സംയുക്തമായി ആരംഭിച്ച ‘ഓപ്പറേഷൻ രക്ഷിത’ കർശനമായി മുന്നോട്ട് പോകുകയാണ്. വർക്കലയിൽ മദ്യപാനിയായ ഒരാൾ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി ഈ പ്രത്യേക ദൗത്യം ആരംഭിച്ചത്. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ആൽക്കോമീറ്റർ ഉപയോഗിച്ച് ഉൾപ്പെടെയുള്ള പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. മദ്യപിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ ഇന്ത്യൻ റെയിൽവേ ആക്ട് സെക്ഷൻ 145 (എ), കേരളാ പോലീസ് ആക്ട് 118 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുക്കുന്നത്.
- എന്താണ് ഇന്ത്യൻ റെയിൽവേ ആക്ട് 145 (എ):
ഇന്ത്യൻ റെയിൽവേ ആക്ട് സെക്ഷൻ 145 (എ) പ്രകാരം, റെയിൽവേ കാരിയേജിലോ റെയിൽവേയുടെ ഏതെങ്കിലും ഭാഗത്തോ വെച്ച് ആരെങ്കിലും മദ്യലഹരിയിലായി കാണപ്പെട്ടാൽ അത് ശിക്ഷാർഹമായ കുറ്റമാണ്. ഈ നിയമപ്രകാരം കുറ്റം തെളിയിക്കപ്പെട്ടാൽ ആറ് മാസം വരെ തടവോ 500 രൂപ വരെ പിഴയോ ലഭിക്കാം. ആദ്യത്തെ കുറ്റത്തിന് കുറഞ്ഞത് 100 രൂപ പിഴയും, രണ്ടാമതും കുറ്റം ചെയ്താൽ കുറഞ്ഞത് ഒരു മാസം തടവും 250 രൂപ പിഴയും ലഭിക്കും. ട്രെയിൻ യാത്രയ്ക്കിടെ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മദ്യപാനം നടത്തുന്നത് ഈ വകുപ്പ് പ്രകാരം ഗുരുതരമായ കുറ്റമാണ്. ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി മദ്യപിച്ച് യാത്ര ചെയ്യുന്നവരുടെ ടിക്കറ്റ് ഉടനടി റദ്ദാക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
- എന്താണ് കേരള പോലീസ് ആക്ട് 118 എ :
ട്രെയിനുകളിലെ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട് കേരളാ പോലീസ് ആക്ട് 118 എ വകുപ്പും പോലീസ് ചുമത്തുന്നുണ്ട്. ഒരാളെ ഭീഷണിപ്പെടുത്തുകയോ, അധിക്ഷേപിക്കുകയോ, അപമാനകരമായതോ അപകീർത്തികരമായതോ ആയ കാര്യങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് 118 എ. മൂന്ന് വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ഈ നിയമപ്രകാരം ശിക്ഷയായി ലഭിക്കാം. ട്രെയിനിൽ മദ്യപിച്ചെത്തുന്നവർ സഹയാത്രികർക്ക് ഭീഷണിയാവുകയും മറ്റ് രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വകുപ്പ് പ്രകാരവും കേസെടുത്ത് ശക്തമായ നിയമനടപടികളിലേക്ക് കടക്കാൻ സാധിക്കും.
- യാത്രക്കാർ ശ്രദ്ധിക്കുക
റെയിൽവേയുടെയും പോലീസിന്റെയും സംയുക്ത നീക്കത്തിലൂടെ ട്രെയിനുകളിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കാനും സുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. മദ്യപിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് റെയിൽവേ പോലീസ് വ്യക്തമാക്കി. ട്രെയിൻ യാത്രയ്ക്കിടെ സംശയാസ്പദമായ വ്യക്തികളെയോ സാഹചര്യങ്ങളെയോ കണ്ടാൽ റെയിൽ അലേർട്ട് കൺട്രോൾ നമ്പറായ 9846200100 ലോ, അടിയന്തര സഹായത്തിനായി 112 എന്ന നമ്പറിലോ, റെയിൽവേ ഹെൽപ്‌ലൈൻ നമ്പറായ 139 ലോ വിവരം നൽകാവുന്നതാണ്.
















