കോഴിക്കോട്: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ മുണ്ടൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു പന്നി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിനിടെ, ഫാമിലെ 20-ൽ അധികം പന്നികൾ അസ്വാഭാവികമായി ചത്തതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഇടപെട്ടിരുന്നു. ചത്ത പന്നികളുടെ ആന്തരിക അവയവങ്ങൾ ശേഖരിച്ചു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിലേക്കാണ് പരിശോധനയ്ക്കായി അയച്ചത്. ലാബ് പരിശോധനാ റിപ്പോർട്ടിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
അതേസമയം, വിദഗ്ധർ വ്യക്തമാക്കുന്നത് ആഫ്രിക്കൻ പന്നിപ്പനി മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പടരുന്നില്ല എന്നതാണ്. പന്നികളിൽ വേഗത്തിൽ വ്യാപിക്കുന്ന ഗുരുതരമായ രോഗമാണിത്.
















