മുളപ്പിച്ച പയർ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഇതിൽ ആന്റി ഓക്സിഡൻസും ഫൈബറും ധാരാളം അടങ്ങിയതുകൊണ്ട് കുടലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മാത്രമല്ല കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും മുടി വളർച്ചയ്ക്കും ഇത് സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും പ്രമേഹരോഗികൾക്കും ഇത് വളരെ നല്ലതാണ്. തടി കുറയ്ക്കാൻ നോക്കുന്നവർ ഈ രീതിയിലുള്ള സാലഡുകൾ കഴിക്കുന്നത് വളരെയധികം നന്നായിരിക്കും.
ചേരുവകൾ
മുളപ്പിച്ച പയർ – ഒരു കപ്പ്
കുക്കുംബർ അരിഞ്ഞത് – ഒരു കപ്പ്
ക്യാരറ്റ് അരിഞ്ഞത് – കാൽ കപ്പ്
തക്കാളി അരിഞ്ഞത് – അരക്കപ്പ്
സ്പ്രിങ് ഒണിയൻ അരിഞ്ഞത് – കാൽ കപ്പ്
ഉള്ളി അരിഞ്ഞത് – കാൽ കപ്പ്
പാഴ്സലി ഇല അരിഞ്ഞത് – കാൽകപ്പ്
ജീരകപ്പൊടി – ഒരു ടീസ്പൂൺ
ചാറ്റ് മസാല – ഒരു ടീസ്പൂൺ
ഒലിവ് ഓയിൽ – രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് – അര ടീസ്പൂൺ
തയാറാക്കുന്ന വിധം
മുളപ്പിച്ച പയർ നന്നായി കഴുകിയെടുക്കുക. തിളച്ചവെള്ളം രണ്ട് കപ്പ് എടുത്തതിനുശേഷം അതിലേക്ക് മുളപ്പിച്ച പയർ ഇട്ട് അടച്ചു വയ്ക്കാം. തീ കത്തിക്കേണ്ട ആവശ്യമില്ല. 10 മിനിറ്റ് കഴിയുമ്പോൾ ഇതെടുത്ത് ഊറ്റി കളയുക. ശേഷം ബാക്കി വെജിറ്റബിൾസും മസാല പൊടികളും എല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. വിളമ്പുമ്പോൾ മുകളിൽ കുറച്ച് വറുത്ത കപ്പലണ്ടി കൂടി ഇട്ടുകൊടുത്താൽ സ്വാദേറും.
















