അടിമാലി: നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന ഏലക്ക ദേവികുളം ജി.എസ്.ടി എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് പിടികൂടി. ബുധനാഴ്ച വൈകിട്ട് നെടുങ്കണ്ടത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള സ്വകാര്യ ബസ് അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴായിരുന്നു പരിശോധന.
സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഏഴ് ചാക്കുകളിലായി ഏകദേശം 350 കിലോഗ്രാം ഏലക്ക. നികുതി രേഖകളൊന്നുമില്ലാതെ കടത്തുകയാണെന്ന് പരിശോധിച്ച ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ.എ. നാസറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡെപ്യൂട്ടി എൻഫോഴ്‌സ്‌മെന്റ് ഓഫീസർ സോജൻ തോമസ്, അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാരായ അജ്‌മൽ, ജോസ് ടി. മാനുവൽ, ഡ്രൈവർ ജിബി ജോൺ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
പിഴയും നികുതിയും അടക്കേണ്ട വൻ തുക മൂലം ഇതുവരെ വസ്തുവുടമസ്ഥർ ഹാജരായിട്ടില്ല. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൂന്നു മാസം കഴിഞ്ഞ് ഏലക്ക ലേലം ചെയ്ത് തുക സർക്കാർ ഖജനാവിലേക്ക് നിക്ഷേപിക്കുമെന്ന് അധികൃതർ അറിയിച്ചു.
















