തിരുവനന്തപുരത്തെ പ്രമുഖ സ്ഥാപനമായ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ (എസ്.സി.ടി.ഐ.എം.എസ്.ടി.) പേരിൽ വൻ സാമ്പത്തിക തട്ടിപ്പ്. ക്ലർക്ക് ജോലി വാഗ്ദാനം ചെയ്ത് ഏലപ്പാറ സ്വദേശിയിൽ നിന്ന് മാത്രം 15 ലക്ഷം രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ വീടും സ്വർണ്ണവും പണയം വെച്ച് പണം നൽകിയ നിരവധി പേർ തട്ടിപ്പിന് ഇരയായതായാണ് റിപ്പോർട്ട്.
ഏലപ്പാറ സ്വദേശിയായ ഇരയുടെ വെളിപ്പെടുത്തൽ അനുസരിച്ച്, ബോണാമി സ്വദേശിയായ ബെന്നി എന്ന വ്യക്തിയാണ് തട്ടിപ്പുസംഘത്തെ പരിചയപ്പെടുത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ ബ്ലോക്ക് തുറക്കുന്നതായും, മാനേജ്‌മെന്റ് ക്വാട്ട വഴി നൂറു ശതമാനം ജോലി ഉറപ്പാണെന്നും ഇവർ വിശ്വസിപ്പിച്ചു. വലിയ തുക നൽകിയാൽ മാത്രമേ ഡോക്യുമെന്റുകൾ മുന്നോട്ട് നീങ്ങുകയുള്ളൂ എന്ന് പറഞ്ഞ് പണം കൈപ്പറ്റുകയായിരുന്നു. തന്റെ രണ്ട് മക്കൾക്ക് ജോലി ലഭിക്കാനായിട്ടാണ് ഇദ്ദേഹം 15 ലക്ഷം രൂപ സംഘത്തിന് നൽകിയത്.
ആദ്യം പണം നൽകിയ ശേഷം കുറച്ച് ദിവസത്തേക്ക് തട്ടിപ്പുകാർ ഇരയുമായി ബന്ധം പുലർത്തിയിരുന്നു. ഇതിനുപിന്നാലെ നിയമന ഉത്തരവുകൾ (അപ്പോയിന്റ്മെന്റ് ലെറ്റർ) അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ, പിന്നീട് ഇവരുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പ് നടന്നതായി മനസ്സിലാക്കുന്നത്. ബെന്നി എന്ന വ്യക്തി വഴി ബന്ധപ്പെട്ടപ്പോൾ മാത്രമാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഇത്തരത്തിലൊരു നിയമനമോ, രാജേഷ് എൻ. എന്ന വ്യക്തിയെക്കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ലെന്ന് മനസ്സിലായത്.
രാജേഷ് എന്ന വ്യക്തിയാണ് തട്ടിപ്പിന്റെ പ്രധാന സൂത്രധാരൻ എന്നാണ് നിഗമനം. ഈ രാജേഷിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നൽകിയത്. പാപ്പനംകോട് സ്വദേശിയായ രാജേഷ് ആധാറും മേൽവിലാസവും അടക്കമുള്ള വിവരങ്ങൾ നൽകിയിരുന്നതിനാലാണ് ഇരകൾ വിശ്വസിച്ചുപോയത്. പണം നൽകി ഏകദേശം രണ്ടു മാസത്തിനുശേഷം വ്യാജ നിയമന ഉത്തരവ് ലഭിച്ചിരുന്നു. എന്നാൽ, നിയമന ഉത്തരവുമായി ജോലിക്ക് ഹാജരാകാൻ ശ്രമിക്കുമ്പോൾ ഓരോ ഒഴിവുകൾ പറഞ്ഞ് രാജേഷ് ഇവരെ തടയുകയായിരുന്നു. തട്ടിപ്പ് പുറത്തുവരാതിരിക്കാൻ വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് സൂചന.
ഈ തട്ടിപ്പിൽ മൊത്തം ഏഴുപേർക്കാണ് പണം നഷ്ടമായത്. പണം നഷ്ടപ്പെട്ടവരിൽ പലരും സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഭൂരിഭാഗം പേരും വീടും സ്വർണ്ണവും പണയം വെച്ചാണ് തട്ടിപ്പുകാർക്ക് പണം നൽകിയത്. പണം നഷ്ടപ്പെട്ടവർ പരാതിയുമായി മുന്നോട്ട് വരില്ല എന്ന വിശ്വാസത്തിലാണ് രാജേഷ് എന്ന വ്യക്തി തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് വാർത്ത പുറത്തുവന്നതോടെ കൂടുതൽ ആളുകൾ തങ്ങൾക്കും സമാനമായ അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി രംഗത്തെത്തുന്നുണ്ട്. നഷ്ടപ്പെട്ടവരിൽ പലർക്കും തങ്ങളുടെ മുഖം പൊതുസമൂഹത്തിൽ വെളിപ്പെടുത്താൻ താൽപര്യമില്ല. ഇവർക്ക് നൽകിയിട്ടുള്ള നിയമന ഉത്തരവുകൾ ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ളതാണ് എന്നതാണ് തട്ടിപ്പിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേര് ദുരുപയോഗം ചെയ്ത് നടത്തിയ ഈ തട്ടിപ്പിനെതിരെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസ് കേസെടുത്തിട്ടുണ്ട്.
















