കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഓൺലൈൻ ടാക്‌സികളെ തടഞ്ഞ സംഭവത്തിൽ പ്രതിഷേധവുമായി ഓൺലൈൻ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ രംഗത്ത്. ഊബർ, ഓല തുടങ്ങിയ ആപ്പുകൾ വഴി സർവീസ് നടത്തുന്ന ടാക്‌സി കാറുകളെ പാവമണി റോഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ മറ്റു ടാക്സി ഡ്രൈവർമാർ തടഞ്ഞതാണ് വിവാദത്തിന് തുടക്കമായത്.
മുന്‍പും ഇത്തരത്തിലുള്ള തടയൽ ശ്രമങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അവ സമാധാനപരമായി അവസാനിച്ചിരുന്നു. എന്നാൽ, ഇത്തവണ പ്രശ്നം വീണ്ടും പൊട്ടിപ്പുറപ്പെട്ടത് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവനയെത്തുടർന്നാണെന്ന് യൂണിയൻ നേതാക്കൾ ആരോപിക്കുന്നു.
മന്ത്രി ഓൺലൈൻ ടാക്‌സികൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നുവെന്ന പ്രസ്താവനയാണ് തെറ്റിധാരണക്കും അതിലൂടെ സംഘർഷത്തിനും കാരണമായതെന്ന് യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി. “ലൈസൻസ് നൽകേണ്ടത് സർക്കാർ തന്നെ. കോടതിയുടെ നിർദേശപ്രകാരം ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. സർക്കാർ നടപടികൾ പൂർത്തിയാകുമ്പോൾ തന്നെ ലൈസൻസ് ലഭിക്കും,” എന്നാണ് യൂണിയൻ നേതാക്കളുടെ വാദം.
ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ സുരക്ഷിതമായ യാത്രാ സേവനം നൽകുന്ന ഓൺലൈൻ സംവിധാനത്തിനെതിരെ ഇത്തരം പ്രതികരണങ്ങൾ വേണ്ടെന്ന നിലപാടാണ് യൂണിയൻ എടുക്കുന്നത്. “ജനങ്ങൾക്കായി സുതാര്യമായ യാത്രാ സേവനം ഉറപ്പാക്കുന്ന ഓൺലൈൻ സംവിധാനത്തിനെതിരെ അനാവശ്യമായി പ്രചാരണങ്ങൾ നടത്തുന്നത് അംഗീകരിക്കാനാകില്ല,” നേതാക്കൾ വ്യക്തമാക്കി.
പ്രതിഷേധ കൂട്ടായ്മയിൽ യൂണിയൻ പ്രസിഡന്റ് പി.പി. രമേശ്, സെക്രട്ടറി വലിയകത്ത് സിറാജ്, റംഷാദ് പറമ്പത്ത്, കെ.കെ. ജുനൈദ്, റഫീഖ് മേപ്പയൂർ എന്നിവർ പങ്കെടുത്തു.
















