മുംബയിൽ അസുഖബാധിതരായ പെൺമക്കളെ സുഖപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് ഐടി ജീവനക്കാരനിൽനിന്ന് ഏഴുവർഷത്തിനിടെ 14 കോടി രൂപ തട്ടിയെടുത്ത സംഘത്തിനായി പുണെ പോലീസ് തിരച്ചിൽ ഊർജിതമാക്കി. ഒരു സന്യാസിനി ഉൾപ്പെടെയുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. ഒരു ബഹൂരാഷ്ട്ര ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവാണ് കഴിഞ്ഞ ദിവസം പുണെ സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഓട്ടോ ഇമ്യൂൺ ആരോഗ്യ പ്രശ്നങ്ങളും ഓട്ടിസവും ബാധിച്ച തന്റെ രണ്ട് പെൺമക്കളെ ചികിത്സിച്ചു ഭേദമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് സംഘം പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നു.
തട്ടിപ്പിന്റെ തുടക്കം 2018-ലാണ്. ഭജനയ്ക്ക് എത്തിയ ഒരാളാണ് യുവാവിന്റെ ഭാര്യയെ തട്ടിപ്പുകാരായ ദമ്പതിമാർക്ക് പരിചയപ്പെടുത്തിയത്. സിദ്ധന്റെ ആത്മാവ് ശരീരത്തിൽ പ്രവേശിക്കാറുണ്ടെന്നും അതുവഴി എല്ലാ അസുഖങ്ങളും സുഖപ്പെടുത്തുമെന്നും ദമ്പതിമാർ വിശ്വസിപ്പിച്ചു. തുടർന്ന് യുവാവിന്റെ സ്വത്തുവിവരങ്ങളെക്കുറിച്ചും ആസ്തികളെക്കുറിച്ചുമുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മൂവരും ചേർന്ന് കുടുംബത്തെ സമർത്ഥമായി കെണിയിൽ വീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
അസുഖങ്ങൾ മാറാനായി പ്രത്യേക പൂജകൾക്കും പ്രാർത്ഥനാ യോഗങ്ങൾക്കുമായി എന്ന പേരിൽ തട്ടിപ്പുകാർ വൻ തുകകൾ കൈപ്പറ്റി. കുടുംബത്തിന് ദൗർഭാഗ്യം വരുത്തുന്നത് ബ്രിട്ടണിലെ വീടും നാട്ടിലുള്ള കൃഷിഭൂമിയടക്കമുള്ള വസ്തുവകകളാണെന്ന് വിശ്വസിപ്പിച്ച സംഘം, ഈ വസ്തുക്കൾ വിൽക്കാൻ കുടുംബത്തെ പ്രേരിപ്പിച്ചു. വസ്തുവകകൾ വിറ്റു കിട്ടിയ പണവും ‘ദൗർഭാഗ്യം’ കൊണ്ടുവരുമെന്ന് പറഞ്ഞ് കബളിപ്പിച്ച് ഇവർ തട്ടിയെടുത്തു. ഇതിനിടെ, പൂജകൾക്കായി ആവശ്യപ്പെട്ട ഭീമമായ തുകകൾ നൽകുന്നതിനായി യുവാവിന് ബാങ്ക് വായ്പയെടുക്കേണ്ടിയും ബന്ധുക്കളിൽ നിന്ന് കടം വാങ്ങേണ്ടിയും വന്നു.
വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളുടെ ആരോഗ്യസ്ഥിതിയിൽ യാതൊരു മാറ്റവും വരാത്തതിനെത്തുടർന്നാണ് കുടുംബത്തിന് തട്ടിപ്പിൽ സംശയം തോന്നിയത്. തുടർന്ന് ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ ആൾദൈവമടക്കമുള്ളവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഒളിവിൽപ്പോയ പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണെന്നും പുണെ പോലീസ് അറിയിച്ചു.
















