ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജഹനാര ആലം, ടീം മാനേജ്‌മെന്റിലെ ചില അംഗങ്ങൾക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങളുമായി രംഗത്ത്. 2022 ലോകകപ്പിനിടെ തനിക്ക് ദേശീയ ടീം മാനേജ്‌മെന്റിൽ നിന്ന് മോശം അനുഭവങ്ങൾ നേരിട്ടെന്ന് താരം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. നിലവിൽ ക്രിക്കറ്റിൽ നിന്ന് അവധിയെടുത്ത് ഓസ്ട്രേലിയയിൽ കഴിയുന്ന ജഹനാര 2025 വനിതാ ലോകകപ്പിൽ ബംഗ്ലാദേശ് ടീമിൽ ഉൾപ്പെട്ടിരുന്നില്ല.
വനിതാ സെലക്ടറും മാനേജറുമായി പ്രവർത്തിച്ചിരുന്ന മുൻ ബംഗ്ലാദേശ് പേസ് ബോളർ മഞ്ജുറുൾ ഇസ്‌ലാം, അന്തരിച്ച തൗഹിദ് മഹ്മൂദ്, കോർഡിനേറ്റർ സർഫറാസ് ബാബു എന്നിവർക്കെതിരെയാണ് ജഹനാരയുടെ പ്രധാന ആരോപണങ്ങൾ. മഞ്ജുറുൾ ഇസ്‌ലാമിന്റെ “താൽപര്യങ്ങൾക്കു വഴങ്ങാത്തതാണ്” തന്റെ കരിയറിൽ തിരിച്ചടി നേരിടാൻ കാരണമെന്നും താരം പറയുന്നു. 2021-ൽ ബാബു ഭായി വഴിയാണ് തൗഹിദ് ഭായ് തന്നെ സമീപിച്ചതെന്നും, താൻ ആ കാര്യങ്ങൾ അവഗണിക്കാൻ ശ്രമിച്ചപ്പോഴാണ് അടുത്ത ദിവസം മുതൽ മഞ്ജു ഭായ് മോശമായി പെരുമാറാനും അപമാനിക്കാനും തുടങ്ങിയതെന്നും ജഹനാര വെളിപ്പെടുത്തി.
2022 ലോകകപ്പിനിടെ മഞ്ജുറുൾ ഇസ്‌ലാമിൽ നിന്ന് വീണ്ടും മോശം പെരുമാറ്റമുണ്ടായതായി താരം പറയുന്നു. ന്യൂസീലൻഡിലെ പ്രീ-ക്യാമ്പിനിടെ നെറ്റ്സിൽ പന്തെറിയുമ്പോൾ മഞ്ജുറുൾ തന്റെ തോളിൽ കൈയിട്ട് അടുത്ത് വന്ന്, “ഇന്ന് ആർത്തവത്തിന്റെ എത്രാം ദിവസമാണ്?” എന്ന് ചോദിച്ചതായി ജഹനാര വെളിപ്പെടുത്തി. ഐസിസി മാർഗനിർദേശപ്രകാരം താരങ്ങളുടെ ആർത്തവ തീയതികൾ ഡോക്ടർ അല്ലെങ്കിൽ ഫിസിയോതെറാപ്പിസ്റ്റ് മാത്രമാണ് ശേഖരിക്കുന്നത്. ഇത് അറിഞ്ഞിട്ടും ഒരു സെലക്ടർ എന്തിനാണ് ഈ വിവരം നേരിട്ട് ചോദിച്ചതെന്ന് അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ തനിക്ക് സംഭവിച്ച കാര്യങ്ങൾ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ (ബിസിബി) അറിയിക്കാൻ ശ്രമിച്ചിരുന്നെന്നും ജഹനാര പറയുന്നു. ക്രിക്കറ്റ് കുടുംബത്തിന്റെ തലവനായ വനിതാ കമ്മിറ്റി അധ്യക്ഷൻ നദേൽ ചൗധരിയെ പലതവണ അറിയിച്ചെങ്കിലും, അദ്ദേഹം ഒരു താൽക്കാലിക പരിഹാരം മാത്രമാണ് നൽകിയതെന്നും മഞ്ജുറുൾ ഒന്നോ രണ്ടോ ദിവസം ശല്യം ചെയ്യാതിരുന്ന ശേഷം വീണ്ടും പഴയതുപോലെ ആയെന്നും താരം ആരോപിച്ചു. ബിസിബി സിഇഒ നിസാമുദ്ദീൻ ചൗധരിയെ പോലും താൻ വിവരങ്ങൾ അറിയിച്ചിരുന്നു. പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ച് സിഇഒയ്ക്ക് ‘നിരീക്ഷണ കത്ത്’ നൽകിയെന്നും താരം വ്യക്തമാക്കി.
ജഹനാര ആലത്തിന്റെ ആരോപണങ്ങൾക്കെതിരെ മഞ്ജുറുൾ ഇസ്‌ലാമും സർഫറാസ് ബാബുവും രംഗത്തെത്തി. താരം പറഞ്ഞത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് മഞ്ജുറുൾ നിഷേധിച്ചു. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും മരിച്ചയാളെപ്പോലും ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് നിർഭാഗ്യകരമാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം തെളിവുകൾ കൊണ്ടുവരണമെന്നും സർഫറാസ് ബാബു പ്രതികരിച്ചു. കൂടുതൽ പെൺകുട്ടികൾക്ക് സുരക്ഷിതമായി മടങ്ങിവരാൻ വേണ്ടിയാണ് താനിപ്പോൾ സംസാരിക്കുന്നതെന്നും ജഹനാര കൂട്ടിച്ചേർത്തു.
















