അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിദേശ മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും, പൈലറ്റുമാർക്കെതിരെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പരാമർശങ്ങളൊന്നുമില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു. അപകടത്തിൽപ്പെട്ട ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ പൈലറ്റായിരുന്ന സുമീത് സബർവാളിന്റെ പിതാവ് പുഷ്കരാജ് സബർവാളും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സും ചേർന്ന് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
വിമാനദുരന്തം തീർത്തും നിർഭാഗ്യകരമാണ് എന്നും എന്നാൽ അതുമായി ബന്ധപ്പെട്ട് മകനെ കുറ്റപ്പെടുത്തുന്നതിന്റെ ഭാരം പിതാവ് ചുമക്കേണ്ടതില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. “എല്ലാം പൈലറ്റിന്റെ പിഴവാണെന്ന് ഇന്ത്യയിൽ ആരും തന്നെ വിശ്വസിക്കുന്നില്ല,” അദ്ദേഹം വ്യക്തമാക്കി. എഎഐബിയുടെ പ്രാഥമിക റിപ്പോർട്ടിൽ പൈലറ്റിനെതിരായ സൂചനകളൊന്നുമില്ലെന്നും, റിപ്പോർട്ടിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “ഒരു പൈലറ്റ് ഇന്ധനവിതരണം തടസ്സപ്പെട്ടോ എന്ന് ചോദിക്കുന്നുണ്ട്, സഹ പൈലറ്റ് ഇല്ലെന്നും മറുപടി നൽകുന്നുണ്ട്.”
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനും സിവിൽ ഏവിയേഷൻ റെഗുലേറ്റർ (ഡിജിസിഎ), എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) എന്നിവർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വിദേശ മാധ്യമങ്ങളിൽ വന്ന വാർത്തകളെക്കുറിച്ച് സുമീത് സബർവാളിന്റെ അഭിഭാഷകൻ കോടതിയിൽ പരാമർശിച്ചപ്പോൾ, അതൊന്നും കാര്യമാക്കേണ്ടതില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
















