‘സ്ട്രേഞ്ചർ തിങ്സ്’ താരം ഡേവിഡ് ഹാർബറിനെതിരെ സഹതാരം കൂടിയായ മില്ലി ബോബി ബ്രൗൺ പീഡന പരാതി നൽകിയതായി വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ‘സ്ട്രേഞ്ചർ തിങ്സ്’ സീസൺ 5ന്റെ പ്രീമിയർ റെഡ് കാർപെറ്റിൽ ഒന്നിച്ചെത്തിയിരിക്കുകയാണ് ഡേവിഡ് ഹാർബറും മില്ലി ബോബി ബ്രൗണും. ഇതോടെ ആരാധകർ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
View this post on Instagram
രണ്ടുപേരെയും വേദിയിൽ സന്തോഷത്തോടെയാണ് കാണപ്പെട്ടത്. ഇതോടെ, ഡേവിഡ് ഹാർബറിനെതിരെ മില്ലി ബോബി ബ്രൗൺ പീഡന പരാതി നൽകിയെന്ന റിപ്പോർട്ടുകൾ തെറ്റാണോ എന്ന ആശങ്കയിലാണ് ആരാധകർ. വ്യാഴാഴ്ച രാത്രിയാണ് ഇരുവരും ലോസ് ഏഞ്ചൽസിൽ നടന്ന ‘സ്ട്രേഞ്ചർ തിങ്സ്’ സീസൺ 5ന്റെ പ്രീമിയർ റെഡ് കാർപെറ്റിലെത്തി ഫോട്ടോഗ്രാഫർമാർക്ക് ഒരുമിച്ച് പോസ് ചെയ്തത്. ഇരുവരും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം.
അതേസമയം വിഡിയോയെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ ചർച്ചയും സജീവമാണ്. മില്ലി പരാതി നൽകിയെന്ന വാർത്തകൾ വ്യാജമാണെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുന്നു. ഇരുവരും പ്രൊഫഷനലുകളായതുകൊണ്ട് സീരിസിന്റെ പ്രമോഷന് വേണ്ടി മാത്രം ഒന്നിച്ചെത്തിയതാവാം എന്നും വാദമുണ്ട്. പരാതിയുടെ കാര്യത്തിൽ ഔദ്യോകിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ‘സ്ട്രേഞ്ചർ തിങ്സ്’ താരം ഡേവിഡ് ഹാർബറിനെതിരെ സഹതാരം മില്ലി ബോബി ബ്രൗൺ പീഡന പരാതി നൽകി എന്ന വാർത്തകൾ പുറത്തുവന്നത്. ഡേവിഡ് ഹാർബർ തന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മില്ലി പരാതിപ്പെട്ടു എന്നായിരുന്നു റിപ്പോർട്ട്. കഴിഞ്ഞ സീസണിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുൻപ് ബ്രൗൺ പരാതി നൽകിയതായും പരാതിയെ തുടർന്ന് ഹാർബറിനെതിരെ നെറ്റ്ഫ്ലിക്സ് ആഭ്യന്തര അന്വേഷണം ഉണ്ടായിരിന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ലൈംഗിക ആരോപണങ്ങളൊന്നും പരാതിയിലില്ല എന്നും വ്യക്താമാക്കിയിരുന്നു. ‘സ്ട്രേഞ്ചർ തിങ്സി’ൽ മില്ലി ബോബി ബ്രൗണിന്റെ വളർത്തച്ഛനായാണ് ഡേവിഡ് ഹാർബർ അഭിനയിക്കുന്നത്.
2016-ൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ച സീരീസാണ് ‘സ്ട്രേഞ്ചർ തിങ്സ്’ ഡഫർ ബ്രദേഴ്‌സ് സൃഷ്ടിച്ച സ്ട്രേഞ്ചർ തിങ്സ് ലോകമെങ്ങും ആരാധകരുള്ള സീരീസാണ്. സീരീസിന്റെ അവസാന സീസൺ മൂന്ന് ഭാഗങ്ങളായാണ് പ്രീമിയർ ചെയ്യുന്നത്. നവംബർ 26-ന് ആദ്യ ഭാഗവും ഡിസംബർ 25-ന് രണ്ടാം ഭാഗവും ഡിസംബർ 31-ന് ഫൈനൽ എപ്പിസോഡും റിലീസ് ചെയ്യും.
















