തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും ചവിട്ടി വീഴ്ത്തിയ സംഭവത്തിനു പിന്നാലെ‘ഓപ്പറേഷന്‍ രക്ഷിത’ എന്ന പേരില്‍ നടക്കുന്ന പരിശോധനകളും നടപടികളും കര്‍ശനമാക്കി പൊലീസ്. തിരുവനന്തപുരത്ത് മദ്യപിച്ചു ട്രെയിനില്‍ കയറിയ 72 പേരെ പിടികൂടി. ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ കേസെടുത്ത് വിട്ടയച്ചു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും പൊലീസ് പറഞ്ഞു.
ട്രെയിനുകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരില്‍ സുരക്ഷിത ബോധം ഉറപ്പിക്കുന്നതിനായാണ് ‘ഓപ്പറേഷന്‍ രക്ഷിത’യുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. മദ്യ ലഹരിയിലുള്ള യാത്രക്കാരെ തിരിച്ചറിയുന്നതിനായി ആല്‍ക്കോമീറ്റര്‍ പരിശോധന 38 റെയില്‍വേ സ്റ്റേഷനുകളില്‍ ആരംഭിച്ചിട്ടുണ്ട്. മദ്യപിച്ച് യാത്രചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യന്‍ റെയില്‍വേ ആക്ട് സെക്ഷന്‍ 145 (എ), കേരള പൊലീസ് ആക്ട് 118 എ എന്നീ വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കും.
കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ നാലു മേഖലകളായി തിരിച്ച് നാലു റെയില്‍വേ ഡിവൈഎസ്പിമാരുടെ മേല്‍നോട്ടത്തില്‍ വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സേനാംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് പരിശോധന നടത്തുന്നത്. സഞ്ചരിക്കുന്ന ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും പട്രോളിങ്ങിനും, സ്ത്രീകള്‍ കൂടുതലായുള്ള കംപാര്‍ട്ട്‌മെന്റുകളില്‍ പരിശോധന ശക്തമാക്കാനും ആണ് തീരുമാനം.
















