ഗോവയിൽ നവംബറിൽ ആരംഭിക്കുന്ന 56-മത് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാൻ ടൊവീനോ തോമസ് നായകനായെത്തിയ ജിതിൻ ലാൽ ചിത്രം എആർഎം. ഇന്ത്യൻ പനോരമ വിഭാഗത്തിൽ നവാഗത സംവിധായകനുള്ള ഫീച്ചർ ഫിലിം മത്സര വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക. ഈ വിഭാഗത്തിൽ മത്സരിക്കാൻ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 5 ചിത്രങ്ങളുടെ കൂട്ടത്തിൽ ഇടം പിടിച്ച ഒരേയൊരു മലയാള ചിത്രമാണ് ‘എആർഎം’ എന്നത് മലയാളികൾക്ക് അഭിമാനമാണ്.
നവംബർ 20 മുതൽ ആണ് ഇന്റർനാഷ്നൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഗോവയിൽ നടക്കുന്നത്. നവാഗതനായ ജിതിൻ ലാൽ ഒരുക്കിയ ‘എആർഎം’ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിലും മൂന്ന് അവാർഡുകളുമായി തിളങ്ങിയിരുന്നു. ചിത്രത്തിലെ വിഎഫ്എക്സ് മികവിന് സംവിധായകൻ കൂടിയായ ജിതിൻ ലാൽ, ആൽഫ്രഡ് ടോമി, അനിരുദ്ധ് മുഖർജി, സലിം ലാഹിരി എന്നിവർ പുരസ്‍കാരം നേടി. ചിത്രത്തിലെ നായകനായ ടൊവീനോ തോമസ് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശവും സ്വന്തമാക്കി.
ചിത്രത്തിലെ ‘കിളിയെ’ എന്ന ഗാനം ആലപിച്ച കെ എസ് ഹരിശങ്കറിന് മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. സുജിത് നമ്പ്യാർ രചിച്ച ‘എആർഎമ്മി’ൽ കൃതി ഷെട്ടി, ഹാരിഷ് ഉത്തമൻ, ബേസിൽ ജോസഫ്, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, അജു വർഗീസ്, ജഗദീഷ് എന്നിവരും വേഷമിട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം പ്രദർശനത്തിന് എത്തിയ ‘അജയന്റെ രണ്ടാം മോഷണം’ എന്ന ഫാന്റസി അഡ്വഞ്ചർ ത്രില്ലർ ചിത്രം വലിയ പ്രേക്ഷക നിരൂപക പ്രശംസ നേടി ബോക്സ് ഓഫിസിലും ബ്ലോക്ക്ബസ്റ്റർ വിജയം സ്വന്തമാക്കിയിരുന്നു. നൂറു കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം നിർമിച്ചത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, യു ജി എം എന്റർടൈൻമെന്റ് എന്ന ബാനറിൽ സക്കറിയ തോമസ് എന്നിവർ ചേർന്നാണ്.
















