തിരുവനന്തപുരം: പച്ചക്കറികളുടെ വില കുത്തനെ ഉയർന്ന് സാധാരണ കുടുംബങ്ങളുടെ ചെലവ് ഇരട്ടിയായി. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ പല പച്ചക്കറി ഇനങ്ങൾക്കും 10 മുതൽ 40 രൂപ വരെ വിലവർധനവാണ് രേഖപ്പെടുത്തിയത്.
തൊണ്ടൻമുളക്, ബീൻസ്, പയർ എന്നിവയുടെ വില കിലോയ്ക്ക് നൂറ് രൂപ കടന്നിരിക്കുകയാണ്. വെണ്ടയ്ക്ക, വഴുതനങ്ങ, കുമ്പളങ്ങ തുടങ്ങിയവയുടെ വിലയിലും വ്യക്തമായ വർധനയുണ്ട്. വലുപ്പം അനുസരിച്ച് വേർതിരിച്ച് രണ്ടുവിലകളിൽ പച്ചക്കറികൾ വിൽക്കുന്ന നിലപാടും വ്യാപാരികൾ സ്വീകരിച്ചിരിക്കുന്നു.
തക്കാളിക്ക് ഇപ്പോൾ കിലോയ്ക്ക് 50 രൂപയാണ് വില. ചെറിയ തക്കാളി ചില വിപണികളിൽ രണ്ട് കിലോയ്ക്ക് 50 രൂപയ്ക്കാണ് ലഭിക്കുന്നത്. സവാള, ചെറിയ ഉള്ളി തുടങ്ങിയവയുടെ വിലയിൽ മാറ്റമില്ലെന്നത് മാത്രമാണ് ഉപഭോക്താക്കൾക്ക് ആശ്വാസം.
അതേസമയം നേന്ത്രപ്പഴത്തിന്റെ വില കുറഞ്ഞിരിക്കുകയാണ്. 75 രൂപയായിരുന്ന കിലോവില ഇപ്പോൾ 45 രൂപയായി താഴ്ന്നു.
തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് മഴ കാരണം കുറഞ്ഞതാണ് വിപണിയിലെ വിലവർധനയ്ക്ക് പ്രധാന കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. എന്നാൽ അടുത്തയാഴ്ചയോടെ സ്ഥിതി മെച്ചപ്പെടുകയും വിലയിൽ കുറവുണ്ടാകുമെന്നും പ്രതീക്ഷയുണ്ട്.
















