ശബരിമലയിലെ സ്വർണ്ണക്കൊള്ള വിവാദത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റാൻ തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. നിലവിലെ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ളവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുമെന്നും പുതിയ പ്രസിഡന്റിനെ സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.എസ്. പ്രശാന്തിനെ വീണ്ടും നിയമിക്കേണ്ടതില്ലെന്ന് പാർട്ടിയിൽ ധാരണയായെന്നും, തെക്കൻ ജില്ലകളിൽനിന്നുള്ള പാർട്ടി നേതൃതലത്തിലുള്ള ഒരാളെ പ്രസിഡന്റാക്കാനാണ് നിലവിൽ ആലോചിക്കുന്നതെന്നും സൂചനയുണ്ട്.
പ്രസിഡന്റ് അടക്കം മൂന്ന് അംഗങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലുള്ളത്. നായർ, ഈഴവ, പട്ടികജാതി വിഭാഗങ്ങളിൽ നിന്നുള്ള ഓരോ പ്രതിനിധികളാണ് ബോർഡ് അംഗങ്ങൾ. ഇതിൽ പട്ടികവിഭാഗത്തിൽനിന്നുള്ള അംഗത്തിന്റെ കാലാവധി നിലവിൽ അവസാനിച്ചിട്ടില്ല. പ്രസിഡന്റ് സ്ഥാനം ഈഴവ പ്രാതിനിധ്യത്തിനാണ്. ഇത്തവണ നായർ പ്രതിനിധിയെ നിശ്ചയിക്കുന്നത് സിപിഐ ആയിരിക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള നേതാക്കളെ ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വത്തിൽ ശക്തമാണ്.
ആലപ്പുഴ ജില്ലാസെക്രട്ടേറിയറ്റ് അംഗവും നിലവിൽ കയർഫെഡ് ചെയർമാനുമായ ടി.കെ. ദേവകുമാറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാനിടയുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. എന്നാൽ, കാലാവധി ബാക്കിയുള്ള ബോർഡ് അംഗം ആലപ്പുഴയിൽനിന്നുള്ള ആളായതിനാൽ ദേവകുമാറിനുള്ള സാധ്യത കുറവാണെന്ന അഭിപ്രായവും നേതാക്കൾക്കിടയിലുണ്ട്. പുതിയ ഭരണസമിതിയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
















