ശബരിമല മണ്ഡലമകരവിളക്ക് ഡ്യൂട്ടിക്കായുള്ള സ്‌പെഷ്യൽ ഓഫീസർമാരുടെ പട്ടികയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരും. വിവിധ കേസുകളിൽ ആരോപണ വിധേയനായ അങ്കിത് അശോകൻ, സുജിത് ദാസ് , വി.ജി വിനോദ്കുമാർ എന്നീ ഉദ്യോഗസ്ഥരെയാണ് സ്പെഷ്യൽ ഓഫീസർമാരായി നിയമിച്ചിരിക്കുന്നത്. സന്നിധാനത്തും പമ്പയിലും എസ്.ഒമാരായി നിയോഗിക്കപ്പെട്ടവരിലാണ് ആരോപണ വിധേയർ ഉൾപ്പെട്ടിരിക്കുന്നത്. മണ്ഡലകാലത്തിന്റെ തുടക്കത്തിൽ പമ്പയിൽ എസ്.ഒ ആയി നിയോഗിച്ചിരിക്കുന്നത് അങ്കിത് അശോകനെയാണ്. തൃശൂർ പുരം അലങ്കേലപ്പെട്ട വിഷയത്തിലെ ആരോപണ വിധേയനാണ് അങ്കിത് അശോക്.
പൂരത്തിന് അങ്കിത് അശോകൻ കയർത്ത് സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. മകരവിളക്ക് സമയത്ത് സന്നിധാനത്ത് എസ്.ഒ ആയി നിയമിച്ചിരിക്കുന്നത് സുജിത് ദാസിനെയാണ്. പി.വി. അൻവറിന്റെ ആരോപണത്തിൽ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുജിത് ദാസ്. സസ്പൻഷിനിലായിരുന്ന സുജിത് ദാസ് ഇപ്പോൾ എ.ഐ.ജിയാണ്. സന്നിധാനത്തെ എസ്.ഒ റിസർവ് പട്ടികയിലാണ് വി.ജി വിനോദ് കുമാർ ഉൾപ്പെട്ടിരിക്കുന്നത്. വനിതാ എസ്.ഐമാരുടെ പരാതിയിൽ വകുപ്പുതല അന്വേഷണം നേരിടുന്ന ആളാണ് വിനോദ് കുമാർ. വാഹനാപകടകേസിലും ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ് വിനോദ് കുമാർ. ഇക്കാര്യത്തിൽ പൊലീസ് സേനയ്ക്ക് അകത്തും പുറത്തും വിവാദങ്ങൾ ഉയർന്നിട്ടുണ്ടെന്നാണ് സൂചന.
STORY HIGHLIGHT: Alleged officers in list of SO for Sabarimala Mandalamakaravilakku duty
















