തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് പുറത്ത്. കേരളത്തിൽ നടന്ന തെരുവുനായ ആക്രമണങ്ങളും ഉൾപ്പെടുത്തിയാണ് ഉത്തരവ്. നിരത്തുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളും മറ്റു മൃഗങ്ങളും ഉണ്ടാക്കുന്ന അപകടങ്ങൾ ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടതിന്റെ ലക്ഷണമെന്നും ഉത്തരവിലുണ്ട്. വയനാട്ടിലെ പനമരത്തുള്ള ഗവൺമെന്റ് സ്കൂളിലെ ക്ലാസ് മുറിക്കുള്ളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയെ തെരുവുനായ കടിച്ച സംഭവമാണ് ഉത്തരവിൽ പരാമർശിക്കുന്നത്. കണ്ണൂർ, ആലപ്പുഴ റെയിൽവേ സ്റ്റേഷനുകളിലും കണ്ണൂർ, കോട്ടയം ബസ് സ്റ്റാൻഡിലും തെരുവുനായ കടിയേറ്റ സംഭവങ്ങളും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.
പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ രണ്ടു മാസത്തിനുള്ളിൽ നീക്കം ചെയ്യണമെന്നായിരുന്നു സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ച് സുപ്രധാന ഉത്തരവ്. ഈ ഉത്തരവിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിലാണ് സുപ്രധാന നിർദ്ദേശങ്ങൾ. ആശുപത്രികൾ, സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായകളെ മാറ്റണം. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിൽ പാർപ്പിക്കണം. പിടികൂടുന്ന സ്ഥലത്ത് വീണ്ടും തുറന്ന് വിടരുത്. പൊതുവിടങ്ങളിൽ തെരുവ് നായകളുടെ പ്രവേശനം തടയാൻ പ്രത്യേക വേലികൾ നിർമിക്കണം. ഇതിനായുള്ള നടപടികൾ എട്ട് ആഴ്ചക്കുള്ളിൽ തദ്ദേശസ്ഥാപനങ്ങൾ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ദേശീയ പാത ഉൾപ്പെടെ ഉള്ള റോഡുകളിൽ നിന്ന് കന്നുകാലികളെ സംരക്ഷണ കേന്ദ്ങ്ങളിലേക്ക് മാറ്റണമെന്നും സുപ്രീംകോടതി നിർദേശിച്ചു. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ നടപടികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.അല്ലാത്തപക്ഷം ഉദ്യോഗസ്ഥർ ഉത്തരവാദികൾ ആയിരിക്കും എന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായുള്ള സ്വീകരിച്ച നടപടികൾ വിശദീകരിച്ച് എട്ട് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
STORY HIGHLIGHT : Supreme Court order on the stray dog issue is out
















