നടി ഗൗരിക്ക് പിന്തുണയുമായി താരസംഘടനയായ ‘അമ്മ’. ഗൗരി നേരിട്ട വേദന മനസ്സിലാക്കുന്നു, ബോഡി ഷെയ്മിങ് ചെയ്യുന്നത് തെറ്റാണെന്ന് ‘അമ്മ’ സംഘടന പ്രതികരിച്ചു. പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിൽ ബോഡിഷെയ്മിങ് ചെയ്ത യൂട്യുബർക്ക് കൃത്യമായ മറുപടി നടി നൽകുകയും ചെയ്തു. വിഷയത്തിൽ നിരവധി പേർ നടിക്ക് പിന്തുണയുമായെത്തി.
View this post on Instagram
വെള്ളിയാഴ്ച വൈകീട്ട് ഔദ്യോഗിക സോഷ്യൽ മീഡിയാ പേജിൽ പങ്കുവെച്ച പോസ്റ്റിലാണ് അമ്മ സംഘടന ഗൗരി ജി. കിഷന് പിന്തുണയറിയിച്ചത്. ‘ഞങ്ങൾക്ക് മനസിലാകുന്നു, ഗൗരി. ആരായാലും എപ്പോളായാലും എവിടെ ആയാലും ബോഡി ഷെയ്മിങ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ചുവിശ്വസിക്കുന്നു’ എന്നാണ് സംഘടന വ്യക്തമാക്കിയത്.
ഗൗരി പ്രധാന കഥാപാത്രമായെത്തുന്ന ‘അദേഴ്സ്’ എന്ന തമിഴ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നെയിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിലാണ് ഗൗരിക്കുനേരെ യൂട്യൂബർ മോശം പരാമർശം നടത്തിയത്. സഹനടൻ ആദിത്യ മാധവൻ ഗൗരിയെ എടുത്തുയർത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് പ്രതികരിക്കാൻ കഴിയാതിരുന്ന ഗൗരി, പിന്നീട് ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. വ്യാഴാഴ്ച ചിത്രത്തിന്റെ പ്രസ് സ്ക്രീനിങ്ങിന് ശേഷം ആ ചോദ്യത്തെ മാധ്യമപ്രവർത്തകൻ ന്യായീകരിക്കാൻ ശ്രമിക്കുകയും ശബ്ദമുയർത്തുകയും ചെയ്തതോടെ ഗൗരി നേരിട്ട് പ്രതികരിക്കുകയായിരുന്നു.
തന്റെ കഥാപാത്രത്തെക്കുറിച്ചോ തയ്യാറെടുപ്പുകളെക്കുറിച്ചോ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും എന്നാൽ എല്ലാവർക്കും തന്റെ ഭാരത്തെക്കുറിച്ചാണ് അറിയേണ്ടതും ഗൗരി പറഞ്ഞു. ഒരു നടനോട് ഇതേ ചോദ്യം ചോദിക്കുമോ എന്നും ഗൗരി തിരിച്ചുചോദിച്ചു. സംഭവത്തിന്റെ വീഡിയോ ശ്രദ്ധനേടിയതോടെ ഗൗരിയുടെ നിലപാടിന് പിന്തുണ നൽകി നിരവധി താരങ്ങൾ രംഗത്തെത്തി. ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെ ഗൗരി കിഷന് പിന്തുണയായി സാമൂഹിക മാധ്യമങ്ങിളിൽ പ്രതികരിച്ചു. സംഭവസമയത്ത് മൗനം പാലിച്ചതിന് നടനും സംവിധായകനുമുൾപ്പെടെയുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം നേരിട്ടിരുന്നു.
















