തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായി ചുമതലയേല്‍ക്കുമെന്ന റിപ്പോര്‍ട്ടുകൾക്ക് പ്രതികരണവുമായി കെ ജയകുമാര്‍. ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെന്നും സര്‍ക്കാര്‍ തീരുമാനം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും ജയകുമാര്‍ പറഞ്ഞു. ദേവസ്വം ചുമതല സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും അത് തനിക്ക് അറിയുന്ന മേഖല കൂടിയാണെന്നും ജയകുമാര്‍ പറഞ്ഞു. ട്വന്റിഫോർ ന്യൂസ് പുറത്തുവിട്ട വീഡിയോ കാണാം.
തീര്‍ത്ഥാടനത്തിന് അടിയന്തര പ്രാധാന്യം നല്‍കുമെന്നും കേസും അന്വേഷണവും അതിന്റെ നേരായ വഴിയ്ക്ക് മുന്നോട്ടുപോകുമെന്നും ജയകുമാര്‍ പറഞ്ഞു. ഇപ്പോള്‍ നടന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിച്ച് മുന്നോട്ടുപോകണമെന്നേയുള്ളൂവെന്നും ജയകുമാര്‍ പറഞ്ഞു.
വൃച്ഛികം ഒന്ന് തുടങ്ങുന്നു. അപ്പോള്‍ ഭക്തര്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതാണ് അടിയന്തരമായി ചെയ്യാനുള്ളത്. അത് ചെറിയ വെല്ലുവിളിയല്ല. ഇതിനോടകം അതിന് തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. തീര്‍ത്ഥാടനം തടസങ്ങളില്ലാതെ പോകണം. ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ജാഗ്രതക്കുറവുണ്ടായോ എന്ന ചോദ്യത്തിന് അയ്യപ്പന്റെ കാര്യത്തില്‍ ജാഗ്രത ഒരിക്കലും ഇല്ലാതാകുന്നില്ലെന്നായിരുന്നു കെ ജയകുമാറിന്റെ മറുപടി. ഭഗവാന്റെ ജാഗ്രത എപ്പോഴുമുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കൊള്ള വിവാദക്കാലത്ത് ദേവസ്വം ബോര്‍ഡിനെ നയിക്കാന്‍ പരിചയ സമ്പന്നനായ ഒരാള്‍ വേണമെന്നത് മുന്‍നിര്‍ത്തിയുള്ള സിപിഐഎമ്മിന്റെ അന്വേഷണം കെ ജയകുമാറിലാണ് എത്തിനിന്നത്. ബരിമലയിലെ സ്‌പെഷ്യല്‍ കമ്മീഷണര്‍ അടക്കമുള്ള സുപ്രധാന പദവികളും ജയകുമാര്‍ വഹിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ അടുത്ത പ്രസിഡന്റാരെന്നതില്‍ സിപിഐഎം സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചൂടുപിടിക്കുകയും ജയകുമാറിന്റെ പേരിലേക്കാണ് നേതാക്കള്‍ എത്തിച്ചേര്‍ന്നതെന്നും സിപിഐഎം നേതാക്കള്‍ തന്നെ സ്ഥിരീകരിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി സ്ഥാനം കൂടാതെ ടൂറിസം സെക്രട്ടറി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡി, എം ജി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമാണ്.
















